ഹലാൽ ഉൽപന്നങ്ങൾ മുസ്‍ലിംകളുടെ മൗലികാവകാശമായി പ്രഖ്യാപിക്കണം; ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ഹലാൽ ഉൽപന്നങ്ങൾ ചോദിച്ച് വാങ്ങൽ ഭരണഘടന പ്രകാരം മുസ്‍ലിംകളുടെ മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സുപ്രീംകോടതിയിൽ. മറ്റു മതവിശ്വാസങ്ങൾക്ക് അനുസൃതമായി ​‘കോശർ, സാത്വിക്’ തുടങ്ങിയ സാക്ഷ്യപത്രങ്ങളോടെ ഇറക്കുന്ന ഉൽപന്നങ്ങൾക്ക് ഇല്ലാത്ത നിരോധനം ‘ഹലാലി’ന് മാത്രം എന്തുകൊണ്ടാണെന്ന് ജംഇയ്യത്ത് സുപ്രീംകോടതിയോട് ചോദിച്ചു.

ഹലാൽ സാക്ഷ്യപത്രമുള്ള ഭക്ഷ്യവസ്തുക്കളുടെ നിർമാണവും സംഭരണവും വിതരണവും വിപണനവും ഉത്തർപ്രദേശ് സർക്കാർ നിരോധിച്ച സാഹചര്യത്തിലാണ് സുപ്രീംകോടതിയോട് ജംഇയ്യത്ത് ഇത്തരമൊരു ആവശ്യമുന്നയിച്ചത്. നവംബർ 18ന് യു.പിയിൽ ഹലാൽ ഉൽപന്നങ്ങൾ നിരോധിച്ചതിനെതിരെ ജംഇയ്യത്ത് ഉലമായെ ഹിന്ദ് മഹാരാഷ്ട്ര കമ്മിറ്റി, ജംഇയ്യത്ത് ഉലമ ഹലാൽ ഫൗണ്ടേഷൻ സർട്ടിഫിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർ സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി നോട്ടീസ് യു.പി സർക്കാറിന് നോട്ടീസ് അയക്കുകയും ചെയ്തു.

വിഷയത്തിൽ ഇടപെടാൻ ഹൈകോടതി മതിയല്ലോ എന്ന് ആദ്യം പറഞ്ഞ ശേഷമാണ് യു.പി സർക്കാറിന് നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങുന്ന ബെഞ്ച് ഒടുവിൽ തയാറായത്. യു.പി സർക്കാറിന്റെ നടപടി ദേശീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണെന്നും മതാനുഷ്ഠാനങ്ങളെ ബാധിക്കുന്നതാണെന്നും ഹരജി സ്വീകരിക്കാൻ സുപ്രീംകോടതി വിമുഖത പ്രകടിപ്പിച്ചപ്പോൾ ജംഇയ്യത്തിന് ​വേണ്ടി ഹാജരായ അഭിഭാഷകരായ സുഗന്ധ ആനന്ദും ഇജാസ് മഖ്ബൂലും ബോധിപ്പിച്ചു. കർണാടകയിലും ബിഹാറിലും സമാന ആവശ്യങ്ങളുയർന്നിട്ടുണ്ടെന്നും ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമ പ്രകാരം ഇത്തരമൊരു ഉത്തരവിറക്കാൻ ആവില്ലെന്നും അഭിഭാഷകൻ ​ബോധിപ്പിച്ചു.

അന്തർ സംസ്ഥാന വ്യാപാരത്തെ ബാധിക്കുന്ന നിരോധനത്തിൽ കേ​ന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനവും ചെറുകിട വ്യാപാരികളെ ദോഷകരമായി ബാധിക്കുന്നതുമാണിത്. ഹലാൽ ഉൽപന്നങ്ങളെ ഇതിന്റെ പേരിൽ വേട്ടയാടുന്ന അധികൃതർ മറ്റു മത വിശ്വാസികൾക്കായി ഇറക്കുന്ന ‘കോശർ’, ‘സാത്വിക്’ ഉൽപന്നങ്ങൾക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അഭിഭാഷകർ ചോദിച്ചു. പൊതുജനാരോഗ്യത്തെയും മതാനുഷ്ഠാനങ്ങളെയും ബാധിക്കുന്നതാണിതെന്നും അഭിഭാഷകർ ബോധിപ്പിച്ചു.

Tags:    
News Summary - Supreme Court Seeks UP Govt's Response To Plea Challenging Ban On Halal Products

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.