മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹരജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹരജി തള്ളി സുപ്രീംകോടതി. ​ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും വിവിപാറ്റ് സ്ലിപ്പുകളും ഒത്തുനോക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജികൾ സമർപ്പിക്കപ്പെട്ടത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് ഹരജി തള്ളിയത്.

ബാലറ്റ് പേപ്പറുകൾ വീണ്ടും കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട ഹരജികളും തള്ളുകയാണെന്ന് വാദത്തിനിടെ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു. അസോസിയേഷൻ ഓഫ് ഡെമോ​ക്രാറ്റിക് റിഫോംസും അഭയ് ബക്ക്ചന്ദ് ചാജെഡും അരുൺ കുമാർ അഗർവാളുമാണ് ഇതുസംബന്ധിച്ച ഹരജികൾ സമർപ്പിച്ചത്.

ഹരജികൾ പരിഗണിക്കുന്നതിനിടെ രണ്ട് നിർദേശങ്ങൾ കോടതി തെരഞ്ഞെടുപ്പ് കമീഷന് നൽകിയിരുന്നു. തെരഞ്ഞെടുപ്പ് ചിഹ്നം ലോഡ് ചെയ്യുന്ന പ്രക്രിയക്ക് ശേഷം സിംബൽ ലോഡിങ് യൂണിറ്റ് സീൽ ചെയ്യണമെന്നായിരുന്നു നിർദേശങ്ങളിലൊന്ന്. എസ്.എൽ.യുകൾ 45 ദിവസത്തേക്കെങ്കിലും സൂക്ഷിച്ച് വെക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.

വോട്ടിങ് യന്ത്രത്തിന്റെ മൈക്രോകൺട്രോളർ മെമ്മറി സ്ഥാനാർഥികൾ ആവശ്യപ്പെടുന്ന പക്ഷം പരിശോധിക്കാൻ എൻജിനീയർമാരുടെ സംഘത്തെ നിയോഗിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ ഫലംപ്രഖ്യാപിച്ച് ഏഴ് ദിവസത്തിനുള്ളിൽ സ്ഥാനാർഥികൾ ഇത് പരിശോധിക്കുന്നതിനുള്ള അപേക്ഷ നൽകണം. സീരിയൽ നമ്പർ രണ്ട്, മൂന്ന് എന്നിവയിൽ വരുന്ന സ്ഥാനാർഥികൾക്കാണ് വോട്ടിങ് യന്ത്രത്തിന്റെ പരിശോധന നടത്താൻ ആവശ്യപ്പെടാൻ അർഹതയുണ്ടാവുക. വോട്ടിങ് യന്ത്രത്തിൽ പരിശോധന നടത്തുന്നതിനുള്ള ചിലവ് സ്ഥാനാർഥികൾ വഹിക്കണം. യന്ത്രത്തിൽ കൃത്രിമം കണ്ടെത്തിയാൽ ഈ തുക തിരികെ നൽകും.

Tags:    
News Summary - Supreme Court rejects pleas on 100% verification of EVM votes with VVPAT slips

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.