‘മനസ്സിലെ വൃത്തികേടാണ് പുറത്തുവന്നത്’; രൺവീർ അലഹബാദിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; അറസ്റ്റ് തടഞ്ഞു

ന്യൂഡൽഹി: ഹാസ്യ പരിപാടിക്കിടെ അശ്ലീല പരാമർശം നടത്തിയ രൺവീർ അലഹബാദിയയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. അപലപനീയ പെരുമാറ്റമാണ് നടത്തിയതെന്നും മാതാപിതാക്കളെ അപമാനിച്ചെന്നും മനസ്സിലെ വൃത്തികേടാണ് പുറത്തുവന്നതെന്നും കോടതി വിമർശിച്ചു.

അശ്ലീല പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്ത കേസുകള്‍ ഒന്നിച്ച് പരിഗണിക്കണമെന്ന രൺവീറിന്‍റെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. എന്തുതരം പരാമർശമാണ് നടത്തിയത് എന്ന് കോടതി ചോദിച്ചു. ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുത്. സമൂഹത്തെ നിസാരമായി കാണരുത്. നിയമം നിയമത്തിന്‍റെ വഴിക്ക് തന്നെ പോകുമെന്നും ജസ്റ്റിസ് സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

പരാമർശം സമൂഹത്തിന് മുഴുവൻ നാണക്കേടായി. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പേരിൽ ആർക്കും എന്തും വിളിച്ചുപറയാനുള്ള ലൈസൻസില്ലെന്നും കോടതി നിരീക്ഷിച്ചു. പാസ്പോർട്ട് താനെ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കാനും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും കോടതി നിർദേശം നൽകി. തനിക്ക് വധഭീഷണിയുണ്ടെന്ന് രൺവീർ പറഞ്ഞപ്പോൾ, പരാതി നൽകാനും കോടതി ആവശ്യപ്പെട്ടു. കേസിൽ രൺവീറിന്‍റെ അറസ്റ്റ് കോടതി താൽക്കാലികമായി തടഞ്ഞു.

അന്വേഷണവുമായി പൂർണമായി സഹകരിക്കാനും നിർദേശം നൽകി. അശ്ലീല പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ കൂടൂതൽ കേസുകൾ എടുക്കുന്നതും കോടതി തടഞ്ഞു. അസം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെടുത്ത കേസുകളിലാണ് കോടതി നടപടി. ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ ഷോക്കിടെ ഒരു മത്സരാര്‍ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യമാണ് വിവാദത്തിനിടയാക്കിയത്. പരിപാടിയിലെ പാനല്‍ അംഗമായിരുന്നു രണ്‍വീര്‍.

ഇനിയുള്ള ജീവിതം നിങ്ങള്‍ മാതാപിതാക്കളുടെ ലൈംഗിക രംഗം ദിവസേന നോക്കി നില്‍ക്കുമോ അതോ അവര്‍ക്കൊപ്പം ചേര്‍ന്ന് എന്നേക്കുമായി ഈ പരിപാടി അവസാനിപ്പിക്കുമോ എന്നാണ് രണ്‍വീര്‍ മത്സരാര്‍ഥിയോട് ചോദിച്ചത്. നിരവധി പേര്‍ പരാതിയുമായി എത്തിയതോടെ രൺവീർ ക്ഷമചോദിച്ച് രംഗത്തുവന്നു.

ബിയര്‍ബൈസപ്സ് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വ്യക്തിയാണ് രണ്‍വീര്‍. കഴിഞ്ഞ വർഷം മികച്ച സാമൂഹിക മാധ്യമ ക്രിയേറ്റർക്കുള്ള ‘ഡിസ്റപ്റ്റർ ഓഫ് ദി ഇയർ’ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചയാളാണ് രൺവീർ അലഹബാദിയ. രൺവീറിന്‍റെ പ്രവർത്തനങ്ങളെ മോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Supreme Court questions language used by Ranveer Allahbadia on comedy show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.