ന്യൂഡൽഹി: 2006ലെ മുംബൈ ട്രെയിൻ സ്ഫോടനക്കേസിലെ മുഴുവൻ പ്രതികളെയും കുറ്റമുക്തരാക്കി വിട്ടയച്ച ഹൈകോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ വിധി ഒരു കീഴ്വഴക്കമായി മാറാതിരിക്കാനാണ് മഹാരാഷ്ട്ര സർക്കാറിന്റെ ആവശ്യം അംഗീകരിച്ച് സ്റ്റേ ചെയ്യുന്നതെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ.കെ. സിങ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
അതേസമയം എല്ലാ പ്രതികളെയും കുറ്റമുക്തരാക്കി ജയിലിൽ നിന്ന് വിട്ടയച്ചതിനാൽ അവരെ തിരികെ ജയിലിലടക്കുന്ന ചോദ്യമുത്ഭവിക്കുന്നില്ലെന്ന് സുപ്രീംകോടതി കൂട്ടിച്ചേർത്തു. മഹാരാഷ്ട്ര സർക്കാറിന്റെ അപ്പീലിൽ പ്രതികൾക്ക് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചു.
മഹാരാഷ്ട്ര സർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ രണ്ട് വാദവും സുപ്രീംകോടതി അംഗീകരിച്ചു. ഹൈകോടതി വിധിയെ തുടർന്ന് വിട്ടയച്ചവരെ തിരികെ ജയിലിലേക്ക് അയക്കണമെന്ന് താൻ ആവശ്യപ്പെടുന്നില്ലെന്ന് മേത്ത ബോധിപ്പിച്ചു.
ഹൈകോടതി നടത്തിയ ചില നിരീക്ഷണങ്ങൾ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമം (മകോക) പ്രകാരമുള്ള മറ്റു കേസുകളെ കൂടി ബാധിക്കുന്നതാണ്. അതിനാൽ വിധി സ്റ്റേ ചെയ്യണം. കുറ്റമുക്തരാക്കിയ എല്ലാ പ്രതികളെയും ഇതിനകം വിട്ടയച്ചതിനാൽ അവരെ തിരികെ ജയിലിലേക്ക് കൊണ്ടുവരണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നില്ലെന്നും മേത്ത ബോധിപ്പിച്ചു.
മകോക സ്പെഷൽ കോടതി വിധിച്ച അഞ്ചുപേർക്കുള്ള വധശിക്ഷയും ഏഴു പേർക്കുള്ള ജീവപര്യന്ത തടവും ഈ മാസം 21നാണ് ഹൈകോടതി റദ്ദാക്കിയത്. 2006 ജൂലൈ 11ന് മുംബൈ ലോക്കൽ ട്രെയിനിൽ ഏഴ് ബോംബുകൾ വെച്ച് സ്ഫോടനം നടത്തിയതിൽ 189 പേർ കൊല്ലപ്പെടുകയും 820 പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിലായിരുന്നു വിധി.
ഇതിനായി ബോംബുകൾ സ്ഥാപിച്ചെന്നാരോപിച്ച് കമാൽ അൻസാരി, മുഹമ്മദ് ഫൈസൽ അതാഉർറഹ്മാൻ ശൈഖ്, ഇഹ്തിശാം ഖുതുബുദ്ദീൻ സിദ്ദീഖി, നവീദ് ഹുസൈൻ ഖാൻ, ആസിഫ് ഖാൻ എന്നിവർക്കായിരുന്നു വധശിക്ഷ വിധിച്ചത്. തൻവീർ അഹ്മദ് മുഹമ്മദ് ഇബ്രാഹീം അൻസാരി, മുഹമ്മദ് മാജിദ്, ഖൈ് മുഹമ്മദ് അലി, മുഹമ്മദ് സാജിദ് മർഗൂബ് അൻസാരി, മുസമ്മിൽ അതാഉർറഹ്മാൻ ശൈഖ്, സുഹൈൽ മഹ്മൂദ് ശൈഖ്, സമീർ അഹ്മദ് എന്നിവർക്ക് ജീവപര്യന്തം തടവും വിധിച്ചു.
കേസ് അന്വേഷിച്ച മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്ക്വാഡ് പ്രതികൾ കുറ്റകൃത്യം ചെയ്തതായി തെളിയിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടെന്നു പറഞ്ഞാണ് മുഴുവൻ പ്രതികളെയും കുറ്റമുക്തരാക്കി ജയിൽ മോചിതരാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.