മുസ്‍ലിം യുവാവിനെ മർദിച്ചു ​കൊന്നതിനു പിന്നാലെ 19 കാരിയുടെ മരണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ യു.പി ഡി.ജി.പിയോട് സുപ്രീംകോടതി

മീററ്റ്: ഇരുപതുകാരനായ മുസ്‍ലിം സുഹൃത്തിന്റെ കൊലയെ തുടർന്ന് ആത്മഹത്യ ചെയ്ത 19 കാരിയുടെ മരണം പുനഃരന്വേഷിക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. പെൺകുട്ടിയുടെ അസ്വാഭാവിക മരണം അന്വേഷിക്കാൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ ഉത്തർപ്രദേശ് ഡി.ജി.പിയോട് കോടതി നിർദേശിച്ചു. കേസ് പൊലീസ് കൈകാര്യം ചെയ്ത രീതി കോടതി ചോദ്യം ചെയ്യുകയും സമഗ്രമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ചുമത്തിയ ആത്മഹത്യാ പ്രേരണ കേസും കോടതി റദ്ദാക്കി.

യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയെന്ന് കുടുംബം ആരോപിച്ച് 10 മണിക്കൂറിന് ശേഷമാണ് പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. വ്യത്യസ്ത മത വിഭാഗങ്ങളിപ്പെട്ട ഇരുവരും 12-ാം ക്ലാസ് വരെ ഒരുമിച്ചാണ് പഠിച്ചത്. 2022ൽ ആണ് സംഭവം. വീട്ടിൽ കയറിയ കള്ളനാണെന്ന് തെറ്റിദ്ധരിച്ചാണ് ഇത് ചെയ്തതെന്നാണ് പിന്നീട് അവർ പറഞ്ഞത്.  ഇരുവരും ബന്ധത്തിലാണെന്ന ഊഹാപോഹങ്ങൾ അക്കാലത്ത് പരന്നിരുന്നു. ഇത് അവരുടെ കുടുംബങ്ങൾക്കിടയിൽ നീരസമുണ്ടാക്കി. എന്നാൽ, ഈ ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ല.

14 മാരക പരിക്കുകൾ, ഷോക്ക്, രക്തസ്രാവം എന്നിവ മരണകാരണമായെന്ന് യുവാവിന്റെ പോസ്റ്റ്‌മോർട്ടം സ്ഥിരീകരിച്ചു. അതേസമയം, യുവാവിന്റെ കുടുംബമാണ് പെൺകുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിച്ച് പരാതി നൽകി. തുടർന്ന് യുവാവിന്റെ പിതാവിനെതിരെ യു.പി പൊലീസ് കേസ് എടുക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം അടക്കമുള്ള ക്രിമിനൽ നടപടികളും ചുമത്തി.

എന്നാൽ, സുപ്രീംകോടതി ഈ നടപടികൾ റദ്ദാക്കി. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, സഞ്ജയ് കരോൾ, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പെൺകുട്ടിയുടെ ബന്ധുവിന്റെയും കുടുംബാംഗങ്ങളുടെയും മൊഴി മാത്രം കേട്ടാണ് പൊലീസ് കേസ് എടുത്തതെന്നും ഇത് ഏകപക്ഷീയമാണെന്നും കോടതി കണ്ടെത്തി.

മകനെ മർദിച്ചു കൊന്നുവെന്ന് യുവാവിന്റെ കുടുംബാംഗങ്ങൾ നൽകിയ കേസ് നിലനിൽക്കവെയാണ് പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദി ഇവരാണെന്ന് ആരോപിച്ച് ​പൊലീസ് കേസ് എടുത്തത്. പിന്നാലെയാണ് സുപ്രീം കോടതി ഇതിനെതിരെ വിധി പുറപ്പെടുവിച്ചത്. സ്വതന്ത്രവും സമഗ്രവുമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ സത്യം വെളിച്ചത്ത് കൊണ്ടുവരാൻ കഴിയൂ എന്നും കോടതി പറഞ്ഞു.

Tags:    
News Summary - Supreme Court orders UP DGP, ADG to form team to probe 19-year-old woman’s death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.