സുപ്രീംകോടതി ഉത്തരവ്; നോമിനി മാതാവാണെങ്കിലും പി.എഫ് തുകയിൽ ഭാര്യക്കും തുല്യ അവകാശം

ന്യൂഡൽഹി: ഭർത്താവിന്‍റെ മരണശേഷം ജനറൽ പ്രോവിഡന്‍റ് ഫണ്ട് (ജി.പി.എഫ്) തുകക്ക് ഏക നോമിനി അമ്മയാണെങ്കിലും ഭാര്യക്കും അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. ജീവനക്കാരൻ വിവാഹിതനാകുമ്പോൾ, നേരത്തെ നൽകിയ നോമിനേഷൻ അസാധുവാകുമെന്നും അർഹരായ കുടുംബാംഗങ്ങൾക്ക് തുല്യ വിഹിതത്തിന് അവകാശമുണ്ടെന്നും നോമിനേഷൻ ഫോറത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കരോളും എൻ. കോടീശ്വർ സിങ്ങും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നോമിനേഷൻ ഫോറവും അതിലെ ചട്ടങ്ങളും ഭാര്യയേക്കാൾ കൂടുതലായി അമ്മക്ക് അവകാശം വ്യവസ്ഥ ചെയ്യുന്നില്ല. 2003ലാണ് ഹരജിക്കാരി സർക്കാർ ജീവനക്കാരനെ വിവാഹം കഴിച്ചത്. സേവന ആനുകൂല്യങ്ങൾ സ്വീകരിക്കാൻ അദ്ദേഹം ഭാര്യയെ നോമിനിയാക്കിയെങ്കിലും ജി.പി.എഫിലെ നോമിനേഷനിൽ മാറ്റം വരുത്തിയില്ല. അമ്മയുടെ പേരിലുള്ള നോമിനേഷൻ മകന്‍റെ വിവാഹത്തോടെ അസാധുവാകുമെന്ന് ജി.പി.എഫ് ചട്ടങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും അതനുസരിച്ച് വിവാഹിതനായതോടെ അത് അസാധുവായെന്നും കോടതി ചൂണ്ടിക്കാട്ടി.

നോമിനേഷൻ മാറ്റാനോ റദ്ദാക്കാനോ ജീവനക്കാരനോട് പറയാനുള്ള ഉത്തരവാദിത്തം അധികാരികൾക്കില്ല. ജീവനക്കാരൻ അത് സ്വയം ചെയ്യേണ്ടതായിരുന്നു. ഈ കേസിൽ കേന്ദ്ര അഡ്‍മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ നേരത്തെ നൽകിയ ഉത്തരവ് പ്രകാരം ഹരജിക്കാരിക്ക് പി.എഫ് തുകയുടെ പകുതി നൽകിയിരുന്നുവെങ്കിലും ബാക്കി കൂടി നൽകാൻ കോടതി ഉത്തരവിട്ടു.

2021ൽ ഭർത്താവ് മരിച്ചപ്പോൾ സേവന ആനുകൂല്യങ്ങളുടെ ഭാഗമായി ഹരജിക്കാരിക്ക് 60 ലക്ഷം രൂപ കിട്ടിയെങ്കിലും ജി.പി.എഫ് തുക, നോമിനി അമ്മയാണെന്ന കാരണത്താൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകിയില്ല. തുടർന്നാണ് ഹരജിക്കാരി കേന്ദ്ര അഡ്‍മിനിസ്ട്രേറ്റിവ് ട്രൈബ്യൂണിലിനെ സമീപിച്ചത്. അമ്മക്കും ഭാര്യക്കും തുല്യമായി തുക വീതിക്കണമെന്നായിരുന്നു ട്രൈബ്യൂണലിന്‍റെ ഉത്തരവ്.

എന്നാൽ, ഭാര്യക്ക് സേവനാനുകൂല്യങ്ങളും പി.എഫ് ആനുകൂല്യം തനിക്ക് മാത്രമായും ലഭിക്കണമെന്നായിരുന്നു മകന്‍റെ ആഗ്രഹമെന്നുവാദിച്ച് അമ്മ ബോംബെ ഹൈകോടതിയെ സമീപിച്ചു. ട്രൈബ്യൂണൽ ഉത്തരവ് ഹൈകോടതി റദ്ദാക്കിയതിനെ തുടർന്നാണ് ഹരജിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. 

Tags:    
News Summary - Supreme Court order; Even if the nominee is the mother, the wife has equal rights in the PF amount

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.