ന്യൂഡല്‍ഹി: കേരളത്തിൽ ഭീതിവിതച്ച അരിക്കൊമ്പൻ എന്ന ആനയെ സംസ്ഥാന സർക്കാറിന് എങ്ങോട്ടു മാറ്റാനും അധികാരം നൽകുന്നതാണ് കേരള ഹൈകോടതി വിധിയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്.
ഇക്കാര്യത്തിൽ സർക്കാറിന് യുക്തിസഹമായി തീരുമാനമെടുക്കാനാകുമെന്നതിനാൽ അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റണമെന്ന ഹൈകോടതി ഉത്തരവിനെതിരെ സമർപ്പിച്ച സ്വകാര്യ ഹരജിയും അനുവദിക്കില്ലെന്ന് സുപ്രീംകോടതി കൂട്ടിച്ചേർത്തു. ഇതിനെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജി സുപ്രീംകോടതി ചർച്ചചെയ്തതാണെന്ന് ഹരജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. വി.കെ. ബിജുവിനെ ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. എന്നാൽ, വന്യമൃഗം അക്രമാസക്തമായാൽ അതിനെ പിടികൂടി ക്യാമ്പിലാക്കണമെന്ന നിയമഭേദഗതി കേരള ഹൈകോടതി പരിഗണിച്ചിട്ടില്ലെന്നും വിവാദ ശിപാർശ നൽകിയ വിദഗ്ധ സമിതിയിലുണ്ടായിരുന്നവർ വിദഗ്ധരായിരുന്നില്ലെന്നും ബിജു വാദിച്ചു.
ഹൈകോടതി ജഡ്ജിമാർ തങ്ങളേക്കാൾ പ്രാദേശിക സാഹചര്യങ്ങളെയും ചുറ്റുപാടുകളെയും കുറിച്ച് അറിയുന്നവരാണെന്നും അവർ നിയോഗിച്ച വിദഗ്ധ സമിതിയാണിതെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. മാത്രമല്ല, ആദ്യം അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാനുത്തരവിട്ട ഹൈകോടതിതന്നെ ആനയെ എങ്ങോട്ടു മാറ്റാനും സംസ്ഥാന സർക്കാറിന് അധികാരമുണ്ടെന്ന് തുടർന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സുപ്രീംകോടതി ജഡ്ജിമാർ ഇതിൽ കൂടുതൽ ഈ വിഷയത്തിൽ വിദഗ്ധരല്ലെന്നും ഹരജി തള്ളുകയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതോടെ ഹരജി തള്ളരുതെന്നും സ്വന്തം നിലക്ക് പിൻവലിക്കാമെന്നും ബിജു ബോധിപ്പിച്ചു. കോടതി അതംഗീകരിച്ചു.
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈകോടതി വിധിക്കെതിരെ കേരള സർക്കാർ സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞയാഴ്ചയാണ് തള്ളിയത്. കേരള സർക്കാറിന് കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥർതന്നെ അടങ്ങുന്ന വിദഗ്ധ സമിതിയാണ് ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാൻ ശിപാർശ ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
അതിന് ശേഷമാണ് അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടി പി.ടി 7-നെപ്പോലെ സംരക്ഷിച്ച് ജനസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിഷ്ണു പ്രസാദ്, സുജഭായ് എന്നിവർ അഡ്വ. വി.കെ. ബിജു മുഖേന സ്വകാര്യ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.