ന്യൂഡൽഹി: ഒക്ടോബർ 23 തിങ്കൾ സമയം വൈകീട്ട് 5:30 സുപ്രീം കോടതിയുടെ ചുവരുകൾ നിശബദ്മായി നിന്നു. തിയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കിയ ഉത്തരവിനെതിരെ സമർപ്പിച്ച പൊതു താത്പര്യ ഹരജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
നിശബ്ദമായ കോടതി മുറിയിൽ പെട്ടെന്ന് ഒരു ഉറച്ച ശബ്ദം ഉയർന്നു "ഇത് സദാചാര പൊലീസിങ്ങാണ്. രാജ്യ സ്നേഹം പ്രദർശിപ്പിച്ചു കാണിക്കേണ്ട ഒന്നല്ല. രാജ്യ ദ്രോഹിയായ് മുദ്ര കുത്തുമെന്ന് ഭയന്നാണ് പലരും ഉത്തരവ് അനുസരിക്കുന്നത്". ഡിവൈ ചന്ദ്രചൂഡ് ചേബറിലിരുന്ന് ഉറക്കെ പറഞ്ഞു.
ഏക്കാലത്തും തന്‍റെ നിലപാടുകൾ കൊണ്ട് വ്യത്യസ്തനായ ഒരു ജഡ്ജിയാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. ആരെയും കൂസാത്ത പ്രകൃതക്കാരൻ. ദേശീയ ഗാനം സംബന്ധിച്ച നേരത്തെയുള്ള വിധി പുന പരിശോധിക്കുമ്പോഴും ഈ വിധി മുമ്പ് പ്രഖ്യാപിച്ച ചീഫ് ജസ്റ്റിസിനെ ഒപ്പം ഇരുത്തി കൊണ്ട് തന്നെ തന്‍റെ വിയോജിപ്പ് ചന്ദ്ര ചൂഡ് പ്രഖ്യാപിക്കുകയായിരുന്നു. അതാണ് അദ്ദേഹത്തിന്‍റെ പ്രകൃതം. നിലപാടുകൾ എപ്പോഴും ശക്തമായിരിക്കും, ഒരോ വാക്കുകളിലും അത്രയേറെ കാർക്കശ്യം പുലർത്തും. സാമൂഹ്യ ബുദ്ധിക്ക് നിരക്കാത്തവയെ ശക്തമായി വിമർശിക്കും.
അച്ഛനെഴുതിയ വിധി വരെ തിരുത്തിയ മകന് ഇതൊന്നും പുതിയ കാര്യമല്ല. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ വ്യത്യസ്തമായിരുന്നു 1975 ലെ ജബല്‍പൂര്‍ എ.ഡി.എം-ശിവകാന്ത് ശുക്ല കേസില്‍ ഡി.വൈ ചന്ദ്ര ചൂഡിന്‍റെ പിതാവ് ജസ്റ്റിസ് വൈ.വി.ചന്ദ്രചൂഡ് പ്രഖ്യാപിച്ച വിധി. വ്യക്തി സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്ന അവകാശമാണോയെന്ന് ഉറപ്പിക്കാന്‍ കഴിയില്ല. ഭരണഘടന നിലവില്‍ വരുന്നതിനു മുമ്പ് ഇങ്ങനെ അനുവദിച്ചിരുന്നോ എന്നും അറിയില്ലെന്നായിരുന്നു വൈ.വി.ചന്ദ്രചൂഡ് അന്ന് പറഞ്ഞത്.എന്നാൽ സ്വകാര്യത മൗലികാവകാശമാണോയെന്ന നിർണായക ചോദ്യത്തിന് 'മനുഷ്യന്‍റെ നിലനില്‍പിന് ഏറ്റവും ആവശ്യമായ അവകാശങ്ങളാണ് ജീവിതവും വ്യക്തിസ്വാതന്ത്ര്യവും. അതിനെ ഹനിക്കുന്നതാണ് വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശ നിഷേധമെന്നാണ് ഡി.വൈ ചന്ദ്രചൂഡ് ഇപ്പോൾ അഭിപ്രായപ്പെട്ടത്. അച്ഛൻ നടത്തിയ വിധി പ്രസ്താവത്തിന്‍റെ നിരാസമായിരുന്നു അത്.
എല്ലാക്കാലത്തും അങ്ങിനെ തന്നെയായിരുന്നു ചന്ദ്ര ചൂഡ്. മുൻപ് വിവാഹങ്ങൾ സംബന്ധിച്ചുളള കേസുകളിൽ വീഡിയോ കോൺഫ്രൻസ്സിങ്ങ് പരിഗണിക്കാമോയെന്ന വിധിയിലും അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. വീഡിയോ കോൺഫ്രൻസിങ്ങ് സ്വീകരിക്കാമെന്നായിരുന്നു ബഞ്ചിലെ ഭൂരിപക്ഷം വിയോജിച്ചെങ്കിലും ചന്ദ്രചൂഡിന്‍റെ നിലപാട്.
അവസാനമായി തീയേറ്ററുകളിൽ ദേശീയ ഗാനം നിർബന്ധമാക്കണമെന്ന ഉത്തരവിലും അത് തന്നെ സംഭവിച്ചു. ഉത്തരവിൽ കേന്ദ്ര സർക്കാരിനെയടക്കം വിമർശിച്ച അദ്ദേഹം നാളെ ഷോട്സ് ധരിച്ച് ചെല്ലുന്ന ഒരാളെ തീയേറ്ററിൽ കയറ്റുമോ എന്നും ചോദിച്ചു. അഡ്വക്കറ്റ് ജനറലടക്കമുളള സദസ്സിലാണ് അദ്ദേഹം ശക്തമായി തന്‍റെ എതിർപ്പ് വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.