സഹാറ-ബിര്‍ള കോഴ: മോദിക്കെതിരെ അന്വേഷണമില്ല

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരായ കോഴ ആരോപണവുമായി ബന്ധപ്പെട്ട സഹാറ, ബിര്‍ള രേഖകളില്‍ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹാജരാക്കിയ രേഖ മതിയായ തെളിവല്ളെന്നും ആദായനികുതി തര്‍ക്കപരിഹാര കമീഷന്‍ തള്ളിയ രേഖകള്‍ തെളിവായെടുത്ത് അന്വേഷണത്തിന് ഉത്തരവിടാനാകില്ളെന്നും അരുണ്‍ മിശ്ര, അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.  ‘കോമണ്‍ കോസ്‘ എന്ന സന്നദ്ധ സംഘടനക്കുവേണ്ടി  അഡ്വ. പ്രശാന്ത് ഭൂഷണ്‍ ആണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്.

നോട്ട് പ്രശ്നത്തില്‍ പ്രതിരോധത്തിലായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശ്വാസം പകരുന്നതാണ് സുപ്രീംകോടതി വിധി. സഹാറ, ബിര്‍ള രേഖകളില്‍ മോദിക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ രംഗത്തുവന്നിരുന്നു.  2013-14 കാലത്ത് സഹാറ, ആദിത്യ ബിര്‍ള കമ്പനികളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഓഫിസില്‍ നടന്ന റെയ്ഡിലാണ് കോഴ നല്‍കിയത് കുറിച്ചുവെച്ച രേഖകള്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി  പല ഘട്ടങ്ങളായി 40 കോടി കൈപ്പറ്റിയെന്നാണ് രേഖയിലുള്ളത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതിന്‍െറ പേരുമുണ്ട്. കോഴ കൈപ്പറ്റിയെന്ന ആരോപണം നരേന്ദ്ര മോദി ഇതുവരെ നിഷേധിച്ചിട്ടില്ല.

നേരത്തേ കേസ് പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഖേഹാര്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ പ്രശാന്ത് ഭൂഷണോട് നിര്‍ദേശിച്ച് കേസ് ജനുവരി 11ലേക്ക് മാറ്റുകയായിരുന്നു. ഇതനുസരിച്ച്  കൂടുതല്‍ പുതിയ സത്യവാങ്മൂലവും രേഖകളും പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ചു. ബുധനാഴ്ച കേസ് കേള്‍ക്കുന്നതില്‍നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറി. ഇതിനെതുടര്‍ന്ന് കേസ് പരിഗണിച്ച അരുണ്‍ മിശ്ര, അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ച് ഹരജിക്കാരന്‍െറ ആവശ്യം തള്ളുകയായിരുന്നു.  വിശ്വാസയോഗ്യമല്ലാത്ത രേഖകള്‍ തെളിവായി സ്വീകരിച്ച്  അന്വേഷണത്തിന് ഉത്തരവിട്ടാല്‍  ചീത്ത ലക്ഷ്യങ്ങളോടെ  ആളുകള്‍ കോടതികളെ ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടാകും. കോടിക്കണക്കിന് ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യപ്പെടും. അത് അപകടകരമായ സാഹചര്യമാണ് ഉണ്ടാക്കുക.  

റെഗുലര്‍ അക്കൗണ്ട് ബുക്കില്‍നിന്നുള്ളത് അല്ലാത്ത രേഖകള്‍ പണമിടപാടിനുള്ള തെളിവായി സ്വീകരിക്കാനാവില്ളെന്ന് ജെയിന്‍ ഹവാല കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസുമാര്‍ ചൂണ്ടിക്കാട്ടി. കേസ് സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് ഏതാനും ദിവസം മുമ്പ് ആദായനികുതി  തര്‍ക്കപരിഹാര കമീഷന്‍  സഹാറ, ബിര്‍ള രേഖകള്‍ തള്ളിയത്. അത് സുപ്രീംകോടതിയില്‍ മോദിക്ക് രക്ഷയാവുകയും ചെയ്തു. 

Tags:    
News Summary - Supreme Court Dismisses PIL Seeking Probe Into Sahara-Birla Diaries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.