സഹകരണ ബാങ്കുകൾക്ക്​ ഇളവ്​ നൽകാനാവില്ലെന്ന്​ സു​​പ്രീം കോടതി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ നിക്ഷേപിച്ച തുകയില്‍  എത്ര തിരിച്ചുനല്‍കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. ഡിസംബര്‍ 30ന് ഇനി രണ്ടാഴ്ച മാത്രം അവശേഷിക്കെ സാഹചര്യങ്ങള്‍ മെച്ചപ്പെടുമോയെന്ന് നോക്കാമെന്ന് പറഞ്ഞ കോടതി അതുവരെ സഹകരണ ബാങ്കുകള്‍ക്ക് കാത്തുനിന്നുകൂടേ എന്നും ചോദിച്ചു. സഹകരണ ബാങ്കുകളുടെ കൈവശമുള്ള പഴയ നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചപ്പോഴാണ് അവര്‍ക്കെത്ര തിരിച്ചുകൊടുക്കുമെന്ന് സുപ്രീംകോടതി ചോദിച്ചത്.

എന്നാല്‍, നിക്ഷേപിക്കുന്ന തുകക്ക് എത്ര രൂപ മടക്കിനല്‍കാനാകുമെന്ന് മറുപടി പറയാന്‍ കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ രോഹതഗി തയാറായില്ല. നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതിനു പിന്നാലെ നവംബര്‍ 10 മുതല്‍ 14 വരെയുള്ള കാലയളവില്‍ രാജ്യത്താകെയുള്ള സഹകരണ ബാങ്കുകളില്‍ 8000 കോടി രൂപയോളം നിക്ഷേപമായി ലഭിച്ചിട്ടുണ്ടെന്നും ഈ പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ ബാങ്കുകള്‍ നിക്ഷേപിക്കുന്ന തുകക്ക് പകരം എത്ര നല്‍കാനാകുമെന്ന് കേന്ദ്രത്തിന് പറയാനാകാത്തത് നീതിപൂര്‍വകമായ നടപടിയല്ളെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഉള്ള പണം എത്രയായാലും അത് വീതംവെക്കുമ്പോള്‍ വിവേചനം പാടില്ളെന്നും എസ്.ബി.ഐക്ക് കൂടുതലും സഹകരണ ബാങ്കുകള്‍ക്ക് കുറവുമെന്ന രീതി ശരിയല്ളെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.

എന്നാല്‍, സഹകരണ ബാങ്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതോടെ നിക്ഷേപകര്‍ കൂട്ടത്തോടെ സ്വകാര്യ ബാങ്കുകളിലേക്ക് പോയതായി ബാങ്കുകള്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ സഹകരണ ബാങ്കുകളിലേക്ക് വായ്പ തിരിച്ചടക്കാന്‍ പഴയ നോട്ടുകള്‍ക്ക് അനുമതി നല്‍കണമെന്ന് അഭിഭാഷകര്‍ വാദിച്ചു. നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് 96 പേര്‍ മരിച്ചിട്ടുണ്ടെന്നും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വാദവും ഉയര്‍ന്നു. ആശുപത്രി ആവശ്യത്തിനും മറ്റും പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് എന്താണ് തടസ്സമെന്ന കോടതിയുടെ സംശയത്തിനും മറുപടി നല്‍കാന്‍ അഭിഭാഷകനായില്ല. അവശ്യ സര്‍വിസ് എന്ന രീതിയില്‍ അനുവദിച്ച ഇളവുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടെന്നും പെട്രോള്‍പമ്പുകളില്‍ പഴയനോട്ടുകള്‍ സ്വീകരിക്കുന്നതിനുള്ള ഇളവ് ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ടുണ്ടെന്നും എ.ജി പറഞ്ഞു. എന്നാല്‍, ആശുപത്രികളില്‍ ഈ സൗകര്യം ദുരുപയോഗം ചെയ്തതായി റിപ്പോര്‍ട്ടുണ്ടോയെന്ന് കോടതി തിരിച്ചുചോദിച്ചെങ്കിലും എ.ജി പ്രതികരിച്ചില്ല.

സാധാരണക്കാര്‍ക്ക് ബാങ്കുകളില്‍നിന്ന് 24,000 രൂപപോലും പിന്‍വലിക്കാന്‍ സൗകര്യമൊരുക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചു. ആഴ്ചയില്‍ 24,000 രൂപ മാത്രമേ പിന്‍വലിക്കാനാകൂവെന്ന് പറയുമ്പോള്‍ എങ്ങനെയാണ് ഇത്രയധികം പുതിയ നോട്ടുകള്‍ വ്യക്തികളുടെ കൈയില്‍നിന്ന് പിടികൂടുന്നത്?  മതിയായ നോട്ടില്ളെന്ന് പറയുമ്പോഴും കോടിക്കണക്കിന് രൂപയുടെ പുതിയ നോട്ട് പിടിച്ചെടുക്കുന്നതെങ്ങനെയാണെന്ന് സുപ്രീംകോടതി ചോദിച്ചു. ചില ബാങ്കുകളിലെ മാനേജര്‍മാരാണ് ഇതിനു പിന്നിലെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നുമായിരുന്നു റോഹതഗിയുടെ മറുപടി.

Tags:    
News Summary - supreme court criticize central government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.