ന്യൂഡല്‍ഹി: രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. ബിഹാറിലെ മുസഫര്‍പുരില്‍ ബാലികാസദനത്തില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികൾ ലൈംഗികചൂഷണത്തിനിരകളായ കേസ് പരിഗണിക്കുേമ്പാഴായിരുന്നു കോടതിയുടെ നിരീക്ഷണം.
രാജ്യമൊട്ടാകെ പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതായി ജസ്റ്റിസ് മദന്‍ ബി. ലോകുര്‍, ദീപക് ഗുപ്ത, കെ.എം. ജോസഫ് എന്നിവരടങ്ങിയ െബഞ്ച് നിരീക്ഷിച്ചു. സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതിൽ ഉത്തരേന്ത്യയെന്നോ ദക്ഷിണേന്ത്യയെന്നോ മധ്യ ഇന്ത്യയെന്നോ വ്യത്യാസമില്ല. രാജ്യത്ത് പ്രതിദിനം നാലു സ്ത്രീകള്‍ വീതം ബലാത്സംഗത്തിന് ഇരയാകുന്നു. അതിന് സ്ത്രീകളെന്നോ പെൺകുട്ടികളെന്നോ വിവേചനമില്ല.
2016ൽ 39,000 ബലാത്സംഗക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എല്ലായിടത്തും ബലാത്സംഗങ്ങള്‍ എന്തുകൊണ്ടാണെന്നും രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും കോടതി ചോദിച്ചു. ചൂഷണം നടന്ന മുസഫർപുരിലെ സർക്കാർ അഭയകേന്ദ്രത്തിെൻറ ചുമതലക്കാരായ എൻ.ജി.ഒക്കു സാമ്പത്തികസഹായം നൽകിയതിനു ബിഹാർ സർക്കാറിനെ സുപ്രീംകോടതി കുറ്റപ്പെടുത്തി. ബിഹാറിലെ ബാലികാസദനത്തില്‍ പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്ന് അമിക്കസ് ക്യൂറിയായ അഡ്വ. അപർണ ഭട്ട് ചൂണ്ടിക്കാട്ടി. കേസിൽ വാദം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.