ജഡ്ജി നിയമനത്തില്‍ കൊളീജിയവും സര്‍ക്കാറും ധാരണ

ന്യൂഡല്‍ഹി: ജഡ്ജി നിയമന തര്‍ക്കത്തില്‍ കൊളീജിയവും കേന്ദ്രസര്‍ക്കാറും ധാരണയിലത്തെിയേക്കും. ‘രാജ്യസുരക്ഷ’ കാരണമാക്കി ജഡ്ജിമാരുടെ നിയമന ശിപാര്‍ശ തള്ളുമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഖെഹാറിന്‍െറ നേതൃത്വത്തിലുള്ള പുതിയ കൊളീജിയം തയാറായതായി സൂചന.

മുന്‍ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന്‍െറ അധ്യക്ഷതയിലുള്ള കൊളീജിയം കൈക്കൊണ്ട നിലപാടിന് വിരുദ്ധമായാണ് ജഡ്ജിമാരുടെ നിയമന ശിപാര്‍ശ തള്ളുന്നതിന് ‘രാജ്യസുരക്ഷ’ കാരണമാക്കാമെന്ന് അദ്ദേഹത്തിന്‍െറ പിന്‍ഗാമിയായ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാര്‍ അധ്യക്ഷനായ കൊളീജിയം നിലപാട് മാറ്റുന്നത്. രാജ്യസുരക്ഷയുടെ പേരില്‍ കൊളീജിയം നിര്‍ദേശിക്കുന്ന ഏതുപേരും സര്‍ക്കാര്‍ വീറ്റോ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് പാര്‍ലമെന്‍ററി സമിതി ആവശ്യപ്പെട്ടിരുന്നതാണ്.

ഈ പ്രവണത അവസാനിപ്പിക്കുന്നതിന് ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടിപത്രികയില്‍ ഇവ രണ്ടും കൃത്യമായി നിര്‍വചിക്കണമെന്ന് നിയമ നീതിന്യായ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്‍ററി സ്ഥിരംസമിതി ശിപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാറായാലും സുപ്രീംകോടതിയായാലും സമര്‍പ്പിച്ച പട്ടികയില്‍നിന്ന് ഒരു ജഡ്ജിയെ ഒഴിവാക്കുമ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കാത്തത് നീതിന്യായ താല്‍പര്യത്തിന് വിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

അതിനാല്‍, പട്ടികയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന ജഡ്ജിയോട് അതിനുള്ള കാരണം ബോധിപ്പിക്കേണ്ട ബാധ്യത ഇരുകൂട്ടര്‍ക്കുമുണ്ട്. സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാരുടെ നിയമനം വൈകുന്നതിനുള്ള പ്രധാന പ്രതിബന്ധം നടപടി പത്രികയെ ചൊല്ലി കേന്ദ്ര സര്‍ക്കാറും സുപ്രീംകോടതിയും തമ്മിലുള്ള തര്‍ക്കമായിരുന്നു. പൊതുജന താല്‍പര്യം മുന്‍നിര്‍ത്തി ഈ തര്‍ക്കം പരിഹരിക്കാന്‍ ജുഡീഷ്യറിയും സര്‍ക്കാറും തയാറാകണമെന്നും നിയമ-നീതിന്യായ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്‍ററി സ്ഥിരംസമിതി അതിന്‍െറ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

എന്നാല്‍, ആ തര്‍ക്കം പരിഹരിക്കാനാണ് പാര്‍ലമെന്‍ററി സമിതിയുടെ ശിപാര്‍ശക്ക് വിരുദ്ധമായി ദേശീയ സുരക്ഷ ശിപാര്‍ശ തള്ളുന്നതിനുള്ള ഒരു കാരണമായി പരിഗണിക്കാന്‍ കൊളീജിയം തയാറാകുന്നത്. പുതിയ നിലപാടുമാറ്റം കൊളീജിയം ഉടന്‍ കേന്ദ്രസര്‍ക്കാറിനെ അറിയിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

 

Tags:    
News Summary - supreme court collegium central govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.