ന്യൂഡൽഹി: ഗോരക്ഷയുടെ പേരിൽ രാജ്യത്ത് തുടരുന്ന ആക്രമണങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. ഏഴു ദിവസത്തിനകം നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാറുകളോട് കോടതി നിർദേശിച്ചു.
അക്രമം തടയാൻ ജില്ലാ തലത്തിൽ മേൽനോട്ടം ഉണ്ടാവണം. ഇതിനായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്മാരെ നോഡൽ ഒാഫീസർമാരായി നിയോഗിക്കണം. നടപടികളെ കുറിച്ച് അതാത് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാരും ഡി.ജി.പിമാരും സത്യവാങ്മൂലം സമർപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
ഗോരക്ഷയുടെ പേരിൽ പിന്നാക്ക, ദലിത് വിഭാഗങ്ങൾക്ക് നേരെയുള്ള ആക്രമണം വർധിക്കുന്നതായും കർശന നടപടിക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ തഹ്സീൻ എസ്. പൂനാവാലയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഗോരക്ഷയുടെ പേരിൽ നടക്കുന്ന അതിക്രമങ്ങൾ രാജ്യത്തെ ക്രമസമാധാനത്തെയും സാമൂഹ്യ ഐക്യത്തെയും പൊതുനീതിയെയും തകിടം മറിക്കുന്നതാണ്. ഇതുമൂലം രാജ്യത്തെ വ്യത്യസ്ത മത വിഭാഗങ്ങളുടെ ഇടയിലുള്ള സാഹോദര്യം ഇല്ലാതാകുന്നത് വർധിച്ചതായും ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഒക്ടോബർ 21ന് ഹരജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി, ഏപ്രിൽ ഏഴിന് ആക്രമങ്ങൾ തുടരുന്ന ആറു സംസ്ഥാനങ്ങളുടെ പ്രതികരണം ആരാഞ്ഞിരുന്നു. തുടർന്ന് ജൂലൈ 21ന് വാദംകേട്ട കോടതി അക്രമങ്ങൾ നടത്തുന്ന ഗോരക്ഷകരെ സഹായിക്കരുതെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. തുടർന്ന് കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ ആറിലേക്ക് മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.