28 വർഷം പഴക്കമുള്ള കൊലപാതകക്കേസിൽ പിതാവിനെയും മകനെയും സുപ്രീം കോടതി വെറുതെ വിട്ടു

ന്യൂഡൽഹി: 28 വർഷം പഴക്കമുള്ള കൊലപാതകക്കേസിൽ പിതാവിനെയും മകനെയും സുപ്രീം കോടതി വെറുതെ വിട്ടു. കേസിൽ ഇരുവർക്കും ജീവപര്യന്തം ശിക്ഷ വിധിച്ച ഉത്തരാഖണ്ഡ് ഹൈകോടതി വിധി തള്ളിയായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. കുറ്റകൃത്യം തെളിയിക്കാൻ മതിയായ തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി. ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ, ജസ്റ്റിസ് പങ്കജ് മിതാൽ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഉത്തരാഖണ്ഡ് ഹൈകോടതിയും റൂർക്കി കോടതിയും കൊലപാതകക്കേസിൽ ഇരുവർക്കും ജീവപര്യന്തം തടവും 20,000 രൂപ പിഴയും വിധിച്ചിരുന്നു.

1998 ഏപ്രിൽ 25നാണ് മുഹമ്മദ് മുസ് ലിം, ഷംഷാദ് എന്നിവരെ പ്രതിചേർത്തത്. 2010ൽ ഉത്തരാഖണ്ഡ് ഹൈകോടതിയും വിധി ശരിവെക്കുകയായിരുന്നു. ഇതോടെയാണ് ഹൈകോടതി വിധിക്കെതിരെ പ്രതിചേർക്കപ്പെട്ടവർ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി കൊലപാതകം നടന്ന സമയത്ത് പ്രതികളുടെ സാന്നിധ്യം തെളിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി. കൊലപാതകവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ദൃക്സാക്ഷി മൊഴികൾ വിശ്വാസ യോഗ്യമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി

1995 ആഗസ്റ്റ് നാലിന് മംഗളൂരു പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിചേർക്കപ്പെട്ട മുഹമ്മദും മകനായ ഷംഷാദും കൊല്ലപ്പെട്ട അൽതാഫ് ഹുസൈനും തമ്മിൽ വാക്ക് തർക്കമുണ്ടാകുകയും തുടർന്ന് അൽതാഫിനെ ഇരുവരും ചേർന്ന് കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദം. കൊലപാതകം നടന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രതികളെന്ന് പറയപ്പെടുന്നവർ സഞ്ചരിച്ച സൈക്കിൾ കൃത്യം നടന്ന സ്ഥലത്തുനിന്നും കണ്ടെത്തിയതായും പൊലീസ് അറിയിച്ചിരുന്നു. എന്നാൽ തെളിവുകൾ കോടതിയിൽ ഹാജരാക്കിയിരുന്നില്ല.

പിന്നീട് നടന്ന വാദപ്രതിവാദങ്ങളിൽ തങ്ങൾ നിരപരാധികളാണെന്നും ഗ്രാമത്തിലേക്ക് പുതുതായി എത്തിയതിനാൽ മനപ്പൂർവ്വം തങ്ങളിലേക്ക് പൊലീസ് കുറ്റം അടിച്ചേൽപ്പിക്കുകയാണെന്നും പ്രതിചേർക്കപ്പെട്ടവർ കോടതിയെ ബോധിപ്പിച്ചിരുന്നു. ഈ വാദങ്ങൾ തള്ളിയായിരുന്നു കോടതി ഇരുവർക്കും ശിക്ഷ വിധിച്ചത്.

Tags:    
News Summary - Supreme Court acquits father-son in 28-year-old murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.