സി.ജെ.പി പ്രതിഷേധത്തിന് പിന്തുണയേറുന്നു; എസ്.എഫ്.ഐയും ഐസയും പ്രകാശ് രാജും പങ്കെടുക്കും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച നടത്തുന്ന ആദ്യ പരസ്യപ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി കൂടുതൽ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്ത്. സി.ജെ.പിയുടെ ക്ഷണം സ്വീകരിച്ച് എസ്.എഫ്.ഐ ഡൽഹി സെക്രട്ടറി ഐഷി ഘോഷ് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു. എന്നാൽ, അണികളെ കൂട്ടത്തോടെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇടത് വിദ്യാർത്ഥി സംഘടനയായ 'ഐസ'യുടെ പ്രതിനിധികളും സമരത്തിന്റെ ഭാഗമാകുമെന്നാണ് വിവരം. കേരളത്തിൽ ഉൾപ്പെടെ ഐസ പ്രതിഷേധം സംഘടിപ്പിക്കാൻ നോക്കുന്നുണ്ട്.

പ്രമുഖ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രശസ്ത നടൻ പ്രകാശ് രാജും പിന്തുണയുമായി രംഗത്തെത്തിയത്. ഡൽഹിയിലെത്തി പ്രതിഷേധത്തിൽ പങ്കുചേരാൻ ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

അതിനിടെ, തങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും സാമൂഹിക പ്രതിബദ്ധതയുള്ള വിവിധ വിഷയങ്ങൾ ഏറ്റെടുക്കുന്ന കൂട്ടായ്മയായി തുടരുമെന്നും സി.ജെ.പി വക്താവ് വിജേത ദഹിയ വ്യക്തമാക്കി. കേരളത്തിലും സിജെപിക്ക് വലിയ സാധ്യതകളുണ്ടെന്ന് പറഞ്ഞ അദ്ദേഹം, നടൻ ഫഹദ് ഫാസിൽ ഉൾപ്പെടെയുള്ള കേരളത്തിലെ പ്രമുഖരെ കൂട്ടായ്മയിലേക്ക് ക്ഷണിക്കുകയും ചെയ്തു.

സി.ജെ.പിക്ക് നിർദ്ദേശങ്ങളുമായി ശശി തരൂർ എം.പി രംഗത്തെത്തി. യുവാക്കളുടെ പ്രതിഷേധം കേവലം സമൂഹമാധ്യമങ്ങളിലെ മീമുകളിൽ മാത്രം ഒതുങ്ങിപ്പോകരുതെന്ന് അദ്ദേഹം ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ ഓർമ്മിപ്പിച്ചു. യുവാക്കൾ 'പാറ്റകളായി' അറിയപ്പെടേണ്ടവരോ പരിഗണിക്കപ്പെടേണ്ടവരോ അല്ല. തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ജനപ്രതിനിധികളിലും ഭരണസംവിധാനങ്ങളിലും നിരന്തരം സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.

സമാധാനപരമായ രീതിയിൽ നടത്തുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ സന്ദേശങ്ങളിലൂടെയും ഫോൺ കോളുകളിലൂടെയും സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അഭിജീത് ദീപ്കെ ഇൻസ്റ്റഗ്രാം ലൈവിലൂടെ വ്യക്തമാക്കി. ഓൺലൈൻ ഇടങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച പാർട്ടിയുടെ ആദ്യ രാഷ്ട്രീയ നീക്കങ്ങളെ ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകർ വീക്ഷിക്കുന്നത്.നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയും സിബിഎസ്ഇ മൂല്യനിർണയ ക്രമക്കേടും ഉയർത്തിക്കാട്ടിയാണ് ജൂൺ ആറിന് കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവി തന്നെ പ്രതിസന്ധിയിലാക്കിയ കേന്ദ്രസർക്കാരിനെതിരെയാണ് യുവാക്കളുടെ പോരാട്ടം. ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കണമെന്നാണ് സിജെപിയുടെ ശക്തമായ ആവശ്യം

Full View


Tags:    
News Summary - Support pours in for CJP protest; SFI, AISA, and Prakash Raj to participate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.