ന്യൂഡൽഹി: എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തി രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭർത്താവ് നാരായണ മൂർത്തിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. പ്രത്യേക ക്ഷണിതാവെന്ന നിലയിലാണ് നാരായണ മൂർത്തി എത്തിയത്.
രാജ്യസഭ ചെയർമാൻ ജഗ്ദീപ് ധൻഖർ ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. രാജ്യസഭ നേതാവ് പീയുഷ് ഗോയലും ചടങ്ങിൽ പങ്കെടുത്തു. ഇൻഫോസിസ് ഫൗണ്ടേഷന്റെ മുൻ ചെയർപേഴ്സണായ സുധാ മൂർത്തി നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. കൂടുതലും കുട്ടികൾക്കു വേണ്ടിയുള്ളതാണ്. അന്തരാഷ്ട്ര വനിത ദിനത്തിലാണ് 73 കാരിയായ സുധാ മൂർത്തിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. കന്നഡ, ഇംഗീഷ് സാഹിത്യങ്ങൾ നൽകിയ സംഭാവനകൾക്ക് സാഹിത്യ അക്കാദമി ബാൽ സാഹിത്യ പുരസ്കാരം, പത്മശ്രീ, പത്മ ഭൂഷൺ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ടെൽകോയിൽ ജോലി ചെയ്ത ആദ്യ വനിത എൻജിനീയറാണ് സുധാ മൂർത്തി. ഭർത്താവായ നാരായണ മൂർത്തിക്ക് ഇൻഫോസിസ് തുടങ്ങാൻ 10000 രൂപയുടെ ഫണ്ട് നൽകിയത് സുധയാണ്. ഇപ്പോൾ 80 ബില്യൺ യു.എസ് ഡോളർ വിപണി മൂലധനമുണ്ട് ഇൻഫോസിസിന്. സുധ-നാരായണ മൂർത്തി ദമ്പതികളുടെ മകൾ അക്ഷത മൂർത്തിയുടെ ഭർത്താവാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.