ന്യൂഡൽഹി: കോടികളുടെ അഴിമതി ആരോപണമുയർന്ന റഫാൽ പോർവിമാന ഇടപാടിെൻറ വിശദാംശങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. പോർവിമാനങ്ങളുടെ വില, ഇടപാടിെൻറ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് കമ്പനിയെ തിരഞ്ഞെടുത്തതിെൻറ നടപടിക്രമങ്ങൾ എന്നിവയടക്കമുള്ള വിവരങ്ങൾ സമർപ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടത്. ഇതിന് മറുപടിയായി ഇൗ വിവരങ്ങൾ രഹസ്യ സ്വഭാവമുള്ളതാണെന്ന് സർക്കാർ വ്യക്തമാക്കിയപ്പോൾ, അത് സത്യവാങ്മൂലമായി സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
കഴിഞ്ഞതവണ റഫാൽ കേസ് പരിഗണിച്ചപ്പോൾ സ്വീകരിച്ച നിലപാടിൽനിന്ന് അൽപം വ്യതിചലിച്ചാണ് റഫാൽ ഇടപാടിെൻറ കൂടുതൽ വിശദാംശങ്ങൾ ഇത്തവണ സുപ്രീംകോടതി ആവശ്യപ്പെട്ടത്.
36 റഫാൽ വിമാനങ്ങൾക്ക് സർക്കാർ കണക്കാക്കിയ വില ഉൾപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചപ്പോൾ അത് വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു. ഹരജിക്കാർക്ക് വിലവിവരം നൽകാനാവില്ലെങ്കിൽ മുദ്രവെച്ച കവറിൽ സുപ്രീംകോടതിക്ക് സമർപ്പിക്കൂവെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു.
അതും സാധ്യമല്ലെന്നും റഫാലിെൻറ വില പാർലമെൻറിൽ പോലും വെളിപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു ഇതിന് വേണുഗോപാലിെൻറ മറുപടി. കരാറിലെ പല വിവരങ്ങളും ഒൗദ്യോഗിക രഹസ്യ നിയമപ്രകാരം വെളിപ്പെടുത്താൻ പാടില്ലാത്തതാെണന്ന് എ.ജി ബോധിപ്പിച്ചു.
‘‘വില വെളിപ്പെടുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കൂ. തങ്ങൾ അത് കേൾക്കും’’ എന്നായി ചീഫ് ജസ്റ്റിസ്. തുടർന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചപ്പോൾ ‘‘റഫാലിെൻറ വില നിർണയവും അതിനുവന്ന ചെലവും ഉൾപ്പെടുത്തണം’’ എന്ന പരാമർശം എ.ജി വീണ്ടും ചോദ്യം ചെയ്തു. ഇതിനിടെ വില വെളിപ്പെടുത്തണമെന്ന് ഹരജിക്കാരിലൊരാളായ ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് ആവശ്യപ്പെട്ടപ്പോൾ വില എത്രയാണെന്ന് താങ്കൾക്ക് അറിയാമോ എന്ന് ചീഫ് ജസ്റ്റിസ് തിരിച്ചുചോദിച്ചു. അറിയും എന്നുപറഞ്ഞപ്പോൾ ‘‘എങ്കിൽ ഇൗ വിവരം സൂക്ഷിച്ചോളൂ, റഫാലിെൻറ വിലയറിയുന്ന അപൂർവം ഭാഗ്യവാന്മാരിലൊരാളാണ് താങ്കൾ’’ എന്ന് ചീഫ് ജസ്റ്റിസ് തമാശയായി പ്രതികരിച്ചു.
സഞ്ജയ് സിങ്ങിനു പുറമെ, മറ്റു ഹരജിക്കാരും മുൻ കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിൻഹ, അരുൺ ഷൂരി എന്നിവരും കോടതി മുറിയിലെത്തി.
റഫാൽ ഇന്ത്യൻ വ്യേമസേനക്ക് അനുയോജ്യമാണോ എന്ന ചോദ്യം ഹരജിക്കാർ ഉയർത്തിയിട്ടില്ല എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇടപാടുമായി ബന്ധപ്പെട്ട പ്രക്രിയയുടെ വിശ്വാസ്യതയും വാങ്ങിയ വിമാനങ്ങളുടെ വിലയുമാണ് ഹരജിക്കാർ ഉന്നയിച്ചിരിക്കുന്നതെന്നും ഹരജിയിൽ കൂട്ടിച്ചേർത്തു. സുപ്രീംകോടതിക്ക് സമർപ്പിച്ച കുറിപ്പിലുള്ള, പൊതുജനങ്ങൾക്ക് ലഭ്യമാക്കാവുന്ന വിവരങ്ങൾ പുറത്തുവിടാൻ സുപ്രീംകോടതി കേസിലെ ഹരജിക്കാരോടും കക്ഷികളോടും ആവശ്യപ്പെട്ടു.
സർക്കാർ കോടതിക്ക് സമർപ്പിച്ച കുറിപ്പിലെ വിവരങ്ങൾ 10 ദിവസത്തിനകം ഹരജിക്കാർക്ക് നൽകണം. സി.ബി.െഎക്ക് നൽകിയ പരാതിക്ക് ഒരു വാക്കുപോലും ഇതുവരെ മറുപടി നൽകിയിെല്ലന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചപ്പോൾ ‘‘അതിന് കുറച്ച് കാത്തിരിക്കേണ്ടി വരും, സി.ബി.െഎ സ്വന്തം സ്ഥലം ആദ്യം ക്രമത്തിലാക്കെട്ട എന്നായിരുന്നു ചീഫ് ജസ്റ്റിസിെൻറ മറുപടി. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ യു.യു. ലളിത്, കെ.എം. ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.