‘ഗ്യാനേഷ് ഇറങ്ങി പോയില്ലെങ്കിൽ മുംബൈ ഒന്നാകെ തെരുവിലിറങ്ങും’; സിജെപി പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് ആദിത്യ താക്കറെ

മുംബൈ: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ രണ്ടിന് മുംബൈയിൽ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ. കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ നടത്തിയ ആഹ്വാനത്തിനാണ് ആദിത്യ താക്കറെ പിന്തുണ അറിയിച്ചത്. ഗ്യാനേഷ് കുമാർ രാജിവെച്ചില്ലെങ്കിൽ ‘വോട്ട് മോഷണ’ത്തിനെതിരെ ഒക്ടോബർ രണ്ടുമുതൽ മുംബൈയിൽ വൻ പ്രതിഷേധം ആരംഭിക്കുമെന്ന് ആദിത്യ താക്കറെ എക്സിൽ കുറിച്ചു.

ശനിയാഴ്ചക്കകം രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ രണ്ടിന് മുംബൈയിൽ നിന്ന് രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്ന് അഭിജീത് ദീപ്കെ പ്രഖ്യാപിച്ചതിന് ഒരു ദിവസം പിന്നിട്ടപ്പോഴാണ് ആദിത്യ താക്കറെ പിന്തുണയുമായെത്തിയത്. ഗാന്ധിജയന്തി ദിനത്തിൽ മുംബൈയിൽനിന്ന് ആരംഭിച്ച് രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘ഈ ഗാന്ധിജയന്തിയിൽ ജനാധിപത്യം സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യാം’ എന്നും ദീപ്കെ എക്സിൽ കുറിച്ചിരുന്നു.

ദീപ്കെയുടെ പോസ്റ്റിന് മറുപടിയായാണ് ആദിത്യ താക്കറെ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചത്. ‘ഗ്യാനേഷ് ഇറങ്ങി പോയില്ലെങ്കിൽ വോട്ട് ചോരണത്തിനെതിരെ ഒക്ടോബർ രണ്ടുമുതൽ മുംബൈ ഒന്നാകെ തെരുവിലിറങ്ങും’ എന്നായിരുന്നു ആദിത്യ താക്കറെയുടെ പ്രതികരണം. അതേ സമയം ആദിത്യ താക്കറെയുടെ പിന്തുണക്ക് നന്ദി അറിയിച്ച അഭിജീത് ദീപ്കെ രംഗത്തെത്തി. ജനാധിപത്യം സംരക്ഷിക്കാൻ പ്രത്യയശാസ്ത്രപരമായ ഭിന്നതകളും മറ്റും മാറ്റിവെച്ച് എല്ലാ ഇന്ത്യക്കാരും എസ്.ഐ.ആറിനെതിരെ ഒന്നിക്കണമെന്നും ആവശ്യപ്പെട്ടു.

വോട്ടർപട്ടിക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) സംബന്ധിച്ച വിവാദങ്ങൾക്കിടെയാണ് സി.ജെ.പി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി, എസ്.ഐ.ആർ നടപടികൾ നിർത്തിവെക്കൽ, 2025 ജനുവരിയിലെ വോട്ടർപട്ടിക പുനഃസ്ഥാപിക്കൽ എന്നിവയാണ് സി.ജെ.പിയുടെ പ്രധാന ആവശ്യങ്ങൾ.

 

Tags:    
News Summary - Mumbai Protest Demands Election Commissioner Resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.