സ്കൂളി​ൽ കുട്ടികളുടെ കൂട്ടനിലവിളി, തലയിട്ടടിക്കൽ, അസാധാരണ പെരുമാറ്റം; മാസ് ഹിസ്റ്റീരിയയെന്ന് ഡോക്ടർമാർ, ആശങ്കയിൽ അധ്യാപകരും രക്ഷിതാക്കളും

വിദ്യാർഥികൾ കൂട്ടത്തോടെ ആർത്തലച്ച് കരയുകയും നിലവിളിക്കുകയും വിറയ്ക്കുകയും തലയിട്ടടിക്കുകയും ചെയ്യുന്നത് കണ്ട് ഞെട്ടിത്തരിച്ച് സ്കൂൾ അധികൃതരും നാട്ടുകാരും. ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം. വിദ്യാർത്ഥികളു​ടെ അസ്വഭാവിക പെരുമാറ്റം കണ്ട് എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ് അധ്യാപകർ.

കഴിഞ്ഞ ദിവസമാണ് കുട്ടികൾ കൂട്ടമായി നിലവിളിക്കുന്നതിന്റേയും അബോധാവസ്ഥയിൽ കിടക്കുന്നതിന്റേയും നിലത്തിരുന്ന് തലയിട്ടടിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. ബാഗേശ്വറിലെ റൈഖുലി ഗ്രാമത്തിലെ ജൂനിയർ ഹൈസ്‌കൂളിലാണ് സംഭവം. ചൊവ്വാഴ്ചയാണ് ഏതാനും വിദ്യാർഥിനികളും ഒരു വിദ്യാർഥിയും അസാധാരണ രീതിയിൽ പെരുമാറിത്തുടങ്ങിയതെന്ന് പ്രധാന അധ്യാപികയായ വിമലാ ദേവി പറഞ്ഞു.

പിറ്റേദിവസം വിദ്യാഭ്യാസ വകുപ്പ് അധികൃതരും ഡോക്ടർമാരും സ്കൂൾ സന്ദർശിച്ചപ്പോഴും രണ്ട് വിദ്യാർത്ഥിനികൾ നിലവിളിക്കുകയും അസാധാരണമായി പെരുമാറുകയും ചെയ്തു. "അവർ കരയുകയും നിലവിളിക്കുകയും അകാരണമായി തലയിട്ടടിക്കുകയും ചെയ്തു. ഞങ്ങൾ മാതാപിതാക്കളെ വിളിച്ചു കാര്യം പറഞ്ഞു. അവർ ഒരു പ്രാദേശിക പുരോഹിതനെ വിളിച്ചാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായത്" -വിമലാ ദേവി പറഞ്ഞു. വ്യാഴാഴ്ചയും സംഭവം ആവർത്തിച്ചതായി ഇവർ പറയുന്നു.

"ഇന്ന് വകുപ്പുതല ഉദ്യോഗസ്ഥർ ഇവിടെ ഉണ്ടായിരുന്നപ്പോഴും ചില വിദ്യാർത്ഥികൾ ഇതേ രീതിയിൽ പെരുമാറി. സ്കൂൾ കാമ്പസിനുള്ളിൽ പൂജ നടത്തണമെന്നാണ് രക്ഷിതാക്കൾ നിർബന്ധിക്കുന്നത്. സ്‌കൂളിന് ബാധയേറ്റതായി അവർ വിശ്വസിക്കുന്നു. ഡോക്‌ടർമാരുമായി കൂടിയാലോചിച്ചിട്ടാണെങ്കിലും ആത്മീയ ചികിത്സകരുടെ സഹായത്തോടെ ആണെങ്കിലും ഇത് മാറ്റാൻ ഞങ്ങൾ എന്തും ചെയ്യും. എല്ലാം സാധാരണ നിലയിലാകണം" ടീച്ചർ കൂട്ടിച്ചേർത്തു.

ക്ലാസ് മുറികൾ ഭീതി ജനിപ്പിക്കുന്നതായി കോമൾ റാവത്ത് എന്ന വിദ്യാർഥി പറഞ്ഞു. അതേസമയം, എന്താണ് വിദ്യാർഥികളെ ഇങ്ങനെ അസ്വസ്ഥമാക്കിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇത് ഒരുപാട് പേരെ ഒരേസമയം ബാധിക്കുന്ന കൂട്ട മാനസിക വിഭ്രാന്തി (മാസ് ഹിസ്റ്റീരിയ) ആണെന്നാണ് ഫിസിയാട്രിസ്റ്റുകളുടെ നിഗമനം. വിദ്യാർഥികളുടെ സാമൂഹിക ചുറ്റുപാടുകൾ കാരണമാകാം ഇത്തരം 'മാസ് ഹിസ്റ്റീരിയ' കേസുകൾ രൂപപ്പെടുന്നതെന്ന് ഡൂൺ മെഡിക്കൽ കോളജിലെ ഫിസിയാട്രിസ്റ്റായ ഡോ. ജയ നവാനി പറഞ്ഞു. "ഉദാഹരണത്തിന്, ഉൾഗ്രാമങ്ങളിൽ വിശ്വാസ ചികിത്സ ഒരു സാധാരണ സമ്പ്രദായമാണ്. ഇത് ദൈനംദിന ജീവിതത്തിൽ പലപ്പോഴും അനുഭവിക്കുന്ന കുട്ടികളുടെ തലച്ചോറിൽ സ്വാധീനം ചെലുത്തും' -ഡോ. നവാനി വിശദീകരിച്ചു.

ഇത്തരം കേസുകളെ മാസ് ഹിസ്റ്റീരിയ എന്ന് വിളിക്കാമെന്ന് ബാഗേശ്വറിലെ ജില്ലാ പഞ്ചായത്ത് അംഗം ചന്ദൻ റാവത്ത് പറഞ്ഞു. ജില്ലയിലെ മറ്റ് ചില സ്‌കൂളുകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ചക്രത (ഡെറാഡൂൺ), ഉത്തരകാശി എന്നിവിടങ്ങളിൽ നിന്ന് സമാനമായ റിപ്പോർട്ടുകൾ ലഭിച്ചതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു. ബാഗേശ്വർ സംഭവം ഒറ്റപ്പെട്ട ഒന്നല്ലെന്ന് ഡെറാഡൂണിലെ വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ മുകുൾ സതി പറഞ്ഞു. "വിദ്യാർത്ഥികൾക്കിടയിലെ ഭയം അകറ്റാൻ സംസ്ഥാനത്തുടനീളം സർക്കാർ സ്കൂളുകൾ സന്ദർശിക്കാൻ ഒരു മെഡിക്കൽ ടീം രൂപവത്കരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു.

Tags:    
News Summary - Students Cry, Bang Heads As 'Mass Hysteria' Engulfs Govt School in Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.