ഒരു വർഷത്തിനിടെ 26ാമത്തെ വിദ്യാർഥി ആത്മഹത്യ; കോട്ടയിൽ സംഭവിക്കുന്നതെന്ത് ​?

ന്യൂഡൽഹി: കോട്ടയിൽ ഞെട്ടിച്ച് വീണ്ടും വിദ്യാർഥി ആത്മഹത്യ. നഗരത്തിൽ ഈ വർഷം നടക്കുന്ന 26ാമത് വിദ്യാർഥി ആത്മഹത്യയാണിത്. സ്വന്തം നിലയിൽ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന വിദ്യാർഥിയാണ് ആത്മഹത്യ ചെയ്തത്. പുതിയ വിദ്യാർഥി ആത്മഹത്യയോടെ കോട്ട വീണ്ടും വാർത്തകളിൽ നിറയുകയാണ്.

എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാൻ ലക്ഷക്കണക്കിന് വിദ്യാർഥികളാണ് ഓരോ വർഷവും രാജസ്ഥാനിലേക്ക് എത്തുന്നത്. ഇതിൽ ഭൂരിപക്ഷ പേരും എത്തുന്നത് കോട്ടയിലേക്കാണ്. നീറ്റുമായി ബന്ധപ്പെട്ട നിരവധി ആത്മഹത്യകൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് രാജസ്ഥാന്റെ കോച്ചിംഗ് ഹബ് എന്നറിയപ്പെടുന്ന കോട്ടയിൽ നിന്ന്.

നീറ്റിന്‍റെ തയ്യാറെടുപ്പിലായിരുന്ന ജാർഖണ്ഡിൽ നിന്നുള്ള 16 കാരിയായ വിദ്യാർഥി കഴിഞ്ഞാഴ്ചയാണ് കോട്ടയിൽ ആത്മഹത്യ ചെയ്തത്. പഠനത്തിന്റെ സമ്മർദവും പരാജയഭീതിയും വിദ്യാർഥികൾക്കിടയിൽ കാര്യമായ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ ആത്മഹത്യകൾ ഇനിയും സംഭവിക്കാമെന്നും പൊലീസ് അറിയിച്ചു. ഓഗസ്റ്റിൽ മാത്രം ആറ് മരണമാണ് സംഭവിച്ചത്.

കണക്ക് പരിശോധിക്കുമ്പോൾ 2022-ൽ 15, 2019-ൽ 18, 2018-ൽ 20, 2017-ൽ ഏഴ്, 2016-ൽ 17, 2015-ൽ 18 എന്നിങ്ങനെയാണ് കോട്ടയിലെ ആത്മഹത്യ നിരക്ക്. 2020ലും 2021ലുംമാണ് കോട്ടയിൽ ഒരു വിദ്യാർഥി ആത്മഹത്യയും റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നത്.

വർധിച്ചുവരുന്ന വിദ്യാർഥികളുടെ ആത്മഹത്യകൾ, മാനസികാരോഗ്യപ്രശ്നങ്ങൾ മൂലമാണ് ഉണ്ടായതെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോട്ട ജില്ലാ ഭരണകൂടം എല്ലാ ഹോസ്റ്റൽ മുറികളിലും സ്പ്രിംഗ്-ലോഡഡ് ഫാനുകൾ നിർബന്ധമാക്കാൻ ഉത്തരവിറക്കിയിരുന്നു.

അതേസമയം, വിദ്യാർത്ഥികളുടെ ആത്മഹത്യകൾ കുറക്കുന്നതിന് ഇവിടെ താമസിച്ച് പഠിക്കുന്ന വിദ്യാർഥികൾക്ക് കൂടുതൽ മാനസിക പിന്തുണയും സുരക്ഷിതത്വവും നൽകണമെന്ന് രാജസ്ഥാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

Tags:    
News Summary - Student Preparing For NEET In Kota Dies By Suicide, 26th Such Case This Year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.