പ്രതിസന്ധികള്‍ക്കിടയിലും ജയിലില്‍ മനുഷ്യത്വം വളരുന്നു -വികാരഭരിതമായ കുറിപ്പുമായി സ്റ്റാന്‍ സ്വാമി

മുംബൈ: ജയിലിലെ അവസ്ഥയും വിവരങ്ങളും പങ്കുവെച്ച് സുഹൃത്തുക്കള്‍ക്ക് കത്തെഴുതി ഭീമകൊറേഗാവ്, എല്‍ഗാല്‍ പരിഷത് കേസുകളില്‍ അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമി. 83കാരനും പാര്‍ക്കിന്‍സണ്‍ രോഗബാധിതനുമായ അദ്ദേഹം സഹതടവുകാരന്‍ അരുണ്‍ ഫെറേയ്‌റയുടെ സഹായത്തോടെയാണ് സുഹൃത്തുക്കള്‍ക്ക് കത്ത് എഴുതിയിരിക്കുന്നത്. കത്ത് സുഹൃത്തും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ജോണ്‍ ദയാല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.

എല്ലാ പ്രതിസന്ധികള്‍ക്കിടയിലും ജയലില്‍ മനുഷ്യത്വം വളരുകയാണെന്ന് നവി മുംബൈയിലെ തലോജ ജയിലില്‍നിന്ന് അദ്ദേഹം പറയുന്നു.

സ്റ്റാന്‍ സ്വാമിയുടെ സുഹൃത്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച കത്ത്:

പ്രിയപ്പെട്ട സുഹൃത്തുക്കളേ, ശാന്തി!
വിശദാംശങ്ങള്‍ അറിയില്ലെങ്കിലും കേട്ടതു പ്രകാരം, എനിക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ്. 13 അടി നീളവും എട്ട് അടി വീതിയുമുള്ള തടവുമുറിയില്‍ എന്നെ കൂടാതെ രണ്ട് തടവുകാര്‍ കൂടിയുണ്ട്. ചെറിയ കുളിമുറിയും ഇന്ത്യന്‍ ക്ലോസെറ്റുമുണ്ട്. ഭാഗ്യവശാല്‍, എനിക്ക് ഒരു യൂറോപ്യന്‍ ക്ലോസെറ്റ് അനുവദിച്ചിട്ടുണ്ട്.

വരവരറാവുവും വെര്‍ണോണ്‍ ഗോണ്‍സാല്‍വസും അരുണ്‍ ഫെറെയ്റയും മറ്റൊരു മുറിയിലാണ്. സെല്ലുകളും ബാരക്കുകളും തുറക്കുന്ന അവസരങ്ങളില്‍ ഞങ്ങള്‍ കണ്ടുമുട്ടാറുണ്ട്. വൈകിട്ട് 5.30 മുതല്‍ രാവിലെ ആറ് വരെയും, പകല്‍ 12 മുതല്‍ മൂന്നുവരെയും സെല്ലില്‍ അടച്ചിടും. അരുണ്‍ പ്രഭാത ഭക്ഷണം കഴിക്കാനും ഉച്ച ഭക്ഷണം കഴിക്കാനും എന്നെ സഹായിക്കും. വെര്‍ണോണ്‍ കുളിക്കാനും എന്നെ സഹായിക്കും. രാത്രി ഭക്ഷണം കഴിക്കാനും തുണികള്‍ കഴുകാനും എന്റെ സഹതടവുകാരും സഹായിക്കുന്നു. അവര്‍ എന്റെ കാല്‍മുട്ട് തിരുമ്മി തരാറുണ്ട്. അവര് വളരെ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. നിങ്ങളുടെ പ്രാര്‍ഥനകളില്‍ അവരെയും എന്റെ സഹപ്രവര്‍ത്തകരെയും കൂടി ഉള്‍പ്പെടുത്തണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. എല്ലാ ബുദ്ധിമുട്ടുകള്‍ക്കും പ്രയാസങ്ങള്‍ക്കുമപ്പുറം, തലോജ ജയിലില്‍ മനുഷ്യത്വം വളരുന്നുണ്ട്...

മലയാളി കൂടിയായ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ ഒക്ടോബര്‍ എട്ടിനാണ് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്. 50 വര്‍ഷമായി ഝാര്‍ഖണ്ഡിലെ പട്ടികവര്‍ഗക്കാരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അദ്ദേഹം.

രോഗബാധിതനായതിനാല്‍ അദ്ദേഹത്തിന് വെള്ളം കുടിക്കാന്‍ ഗ്ലാസ് പിടിക്കാന്‍ കഴിയുന്നില്ലെന്നും സ്‌ട്രോ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നവംബര്‍ 6ന് മകന്‍ കോടതിയെ സമീപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.