പാക് ചാരവൃത്തി: ഭീകരാക്രമണ നീക്കം നടന്നെന്ന് പൊലീസ്

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും ഓരോ ഹൈകമീഷന്‍ ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ, പാക് ചാരവൃത്തിയുമായി ബന്ധപ്പെട്ട കൂടുതല്‍ കഥകള്‍ ഡല്‍ഹി പൊലീസിലൂടെ പുറത്തുവരുന്നു. ചാരവൃത്തിക്ക് പിടിയിലായ പാക് ഹൈകമീഷന്‍ ഉദ്യോഗസ്ഥന്‍ മെഹ്മൂദ് അഖ്തര്‍ സമ്പാദിച്ച രേഖകള്‍ ഉപയോഗിച്ച് മുംബൈ ഭീകരാക്രമണത്തിനു സമാനമായ മറ്റൊന്ന് നടത്താന്‍ നീക്കം നടന്നുവെന്നാണ് പൊലീസ്  നല്‍കുന്ന വിവരം.

അതിനു പാകത്തിലുള്ള വിവരങ്ങളാണ് മെഹ്മൂദ് അഖ്തര്‍ സമ്പാദിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് വിശദീകരിച്ചു. പശ്ചിമ തീരം, സര്‍ക്രീക്ക്, കച്ച് തുടങ്ങി അതിര്‍ത്തി മേഖലയിലെ സേന, അര്‍ധസേന വിന്യാസം സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങുന്ന രേഖകള്‍ രാജസ്ഥാനികളായ മൂന്നു പേരിലൂടെ സമാഹരിച്ചു വരുന്നതിനിടയിലാണ് പാക് ഹൈകമീഷന്‍ ഉദ്യോഗസ്ഥന്‍ പിടിയിലായത്.

മുംബൈ ആക്രമണത്തിന് സമാനമായ രീതിയില്‍ കടല്‍ മാര്‍ഗം ഭീകരരെ അയക്കാന്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ ശ്രമിച്ചുവന്നതായി ഇന്‍റലിജന്‍സ് വിവരമുണ്ടെന്നും പൊലീസ് കേന്ദ്രങ്ങള്‍ വിശദീകരിച്ചു. ഇതിനു പാകത്തിലുള്ള രേഖകള്‍ അര ലക്ഷം രൂപ വരെ നല്‍കിയാണ് ഹൈകമീഷന്‍ ഉദ്യോഗസ്ഥന്‍ സമ്പാദിച്ചത്. ചാരവൃത്തിക്ക് അറസ്റ്റിലായ മൗലാന റംസാന്‍, സുഭാഷ് ജാംഗിര്‍, ഷുഐബ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

ചാരവൃത്തിയില്‍ പങ്കാളിത്തമുള്ള പാക് ഹൈകമീഷനിലെ ഏതാനും പേരുടെ വിവരം ചോദ്യം ചെയ്യലില്‍ മെഹ്മൂദ് അഖ്തര്‍ പറഞ്ഞുവെന്നും നേരിട്ടു തെളിവില്ലാത്തതിനാല്‍ നടപടി സ്വീകരിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും പൊലീസ് കേന്ദ്രങ്ങള്‍ പറയുന്നു.

 

Tags:    
News Summary - spy work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.