പട്ന: ബിഹാറിലെ മുസഫർപൂർ ജില്ലയിൽ വാർധക്യ പെൻഷൻ വാങ്ങാനെത്തിയ 82കാരൻ ബാങ്ക് അക്കൗണ്ടിലെ ബാലൻസ് പരിശോധിച്ചപ്പോൾ കണ്ടത് ഏകദേശം 759 കോടി രൂപ. അക്കൗണ്ടിൽ ഇത്രയും വലിയ തുക പ്രത്യക്ഷപ്പെട്ടത് വയോധികനെയും ബാങ്ക് അധികൃതരെയും ഒരുപോലെ ഞെട്ടിച്ചു. സാങ്കേതിക തകരാറോ ബാങ്കിങ് സംവിധാനത്തിലെ പിഴവോ ആയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
മുസഫർപൂർ സ്വദേശിയായ കമേശ്വർ മിശ്ര എന്ന വയോധികൻ പതിവുപോലെ വാർധക്യകാല പെൻഷൻ പിൻവലിക്കാൻ കോമൺ സർവീസ് സെന്ററിലെത്തിയതായിരുന്നു. പ്രതിമാസം ലഭിക്കുന്ന പെൻഷൻ കൈപ്പറ്റിയ ശേഷം അക്കൗണ്ടിലെ ബാലൻസ് പരിശോധിച്ചപ്പോഴാണ് 759,69,51,951 രൂപ കാണിച്ചത്. കൂടെയുണ്ടായിരുന്ന ഭിന്നശേഷിക്കാരനായ മകന്റെ അക്കൗണ്ടിലും സമാനമായ വലിയ തുകയാണ് രേഖപ്പെടുത്തിയിരുന്നത്. ഇരുവരുടെയും അക്കൗണ്ടുകളിലായി ആകെ 1,500 കോടിയിലധികം രൂപയുടെ ബാലൻസ് കാണിച്ചുവെന്ന് കുടുംബം പറയുന്നു.
അക്കൗണ്ടിൽ ഇത്രയും വലിയ തുക എങ്ങനെ വന്നെന്നതിനെക്കുറിച്ച് തനിക്ക് യാതൊരു ധാരണയുമില്ലെന്ന് കമേശ്വർ മിശ്ര പറഞ്ഞു. ബാങ്ക് അധികൃതർ ഇക്കാര്യം പരിശോധിച്ച് യഥാർഥ കാരണം കണ്ടെത്തണമെന്നും പിഴവുണ്ടെങ്കിൽ അത് ഉടൻ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് ബാലൻസുകൾ പരിശോധിക്കാനും എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ തിരുത്താനും വേണ്ടിയാണ് താൻ ഈ വിഷയം പരസ്യമായി ഉന്നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്കിങ് സോഫ്റ്റ്‌വെയറിലോ ഡാറ്റ അപ്ഡേറ്റിലോ ഉണ്ടായ സാങ്കേതിക പിഴവാകാം ഇതിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട ബാങ്ക് ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. സാങ്കേതിക തകരാറാണോ അസാധാരണ ബാലൻസിന് പിന്നിലെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്നും ഔദ്യോഗിക അന്വേഷണം പൂർത്തിയായ ശേഷമേ സംഭവത്തിന്റെ യഥാർഥ കാരണം വ്യക്തമാകൂവെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.