മുംബൈ: ഗോവ-പുണെ വിമാനത്തിന്റെ വിൻഡോക്ക് യാത്രക്കിടെ തകരാർ. സ്പൈസ് ജെറ്റ് വിമാനത്തിന്റെ വിൻഡോക്കാണ് പ്രശ്നം കണ്ടെത്തിയത്. വിൻഡോയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതുമൂലം വിമാനത്തിന്റെ സുരക്ഷക്ക് യാതൊരു പ്രശ്നവും ഉണ്ടായില്ലെന്ന് സ്പൈസ്ജെറ്റ് അറിയിച്ചു. കാബിൻ സമ്മർദം സാധാരണനിലയിലായിരുന്നുവെന്നും മറ്റു പ്രശ്നങ്ങൾ ഉണ്ടായില്ലെന്നും സ്പൈസ്ജെറ്റ് അറിയിച്ചു.
എസ്.ജി1080 എന്ന വിമാനത്തിന്റെ വിൻഡോക്കാണ് തകരാർ ഉണ്ടായത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ യാത്രക്കാരിലൊരാൾ മൊബൈലിൽ പകർത്തിയിരുന്നു. പൂണെ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തയുടൻ വിമാനത്തിന്റെ തകരാർ പരിഹരിച്ചുവെന്നും സ്പൈസ്ജെറ്റ് അധികൃതർ അറിയിച്ചു.
വിൻഡോ ഫ്രെയിമിന് മാത്രമാണ് തകരാർ ഉണ്ടായത്. ഇതുമൂലം യാത്രക്കാരുടെ സുരക്ഷക്ക് യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ലെന്ന് സ്പൈസ്ജെറ്റ് വ്യക്തമാക്കി.
കാബിനിൽ നിന്ന് കരിഞ്ഞ മണം വന്നതിനെ തുടർന്ന് 45 മിനിറ്റ് യാത്രക്ക് ശേഷം എയർ ഇന്ത്യ വിമാനം കഴിഞ്ഞ ദിവസം തിരികെ പറന്നിരുന്നു. മുംബൈയിൽ നിന്നും ചെന്നൈയിലേക്ക് പോയ വിമാനമാണ് തിരികെ പറന്നത്. മുംബൈ വിമാനത്താവളത്തിൽ നിന്ന് യാത്ര തുടങ്ങി 45 മിനിറ്റിന് ശേഷം മുംബൈയിൽ തന്നെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
ഉച്ചക്ക് 11.50ഓടെയാണ് എയർ ഇന്ത്യയുടെ എ.ഐ 639 എന്ന വിമാനം മുംബൈയിൽ നിന്നും പറന്നുയർന്നതെന്ന് യാത്രക്കാരിലൊരളായ ഉത്സവ് തിവാരി പറഞ്ഞു. 45 മിനിറ്റ് പറന്നതിന് ശേഷം സാങ്കേതിക തകരാറാണെന്നും വിമാനം തിരികെ പോവുകയാണെന്നും പൈലറ്റ് അറിയിച്ചു. 12.45ഓടെ വിമാനം സുരക്ഷിതമായി മുംബൈയിൽ ഇറങ്ങിയെന്നും തിവാരി എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.