നടുറോഡിലെ സംഘർഷത്തിനിടെ വിദ്യാർഥികളെ ഇടിച്ചുതെറിപ്പിച്ച് കാർ; ഞെട്ടിക്കുന്ന വിഡിയോ വൈറൽ

ലഖ്നോ: കഴിഞ്ഞ ദിവസം യു.പിയിലെ ഗാസിയാബാദിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. നടുറോഡിൽ ഏറ്റുമുട്ടുന്ന വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുവരുന്ന കാർ രണ്ട് പേരെ ഇടിച്ചു തെറിപ്പിക്കുന്നതാണ് വിഡിയോ. വെള്ള നിറത്തിലുള്ള കാർ അതിവേഗം വരുന്നത് കണ്ട് വിദ്യാർഥികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ, കൂട്ടത്തിലെ രണ്ട് പേരെ കാർ ഇടിച്ച് തെറിപ്പിക്കുന്നു.

ഇതിൽ ഒരാൾ ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുകളിലേക്ക് വീഴുന്നതും ചില്ലുകൾ പൊട്ടുന്നതും കാണാം. ഇടിയിൽ വിദ്യാർത്ഥികളിലൊരാളുടെ ചെരുപ്പ് മുകളിലേക്ക് തെറിച്ചുപോവുന്നതും വിഡിയോയിലുണ്ട്. നിലത്തുവീണ വിദ്യാർഥികൾ റോഡിൽ നിന്ന് എഴുന്നേൽക്കുന്നുണ്ടെങ്കിലും വീണ്ടും ഇവർ മർദനത്തിന് ഇരയാവുന്നുണ്ട്. ഇവരെ ഇടിച്ചിട്ടതിന് ശേഷവും കാർ അപകടകരമാംവിധം പിറകോട്ട് എടുക്കുന്നതും വിഡിയോയിലുണ്ട്. ഇതോടെ സംഘർഷം കൂടുതൽ വഷളായി. നിമിഷങ്ങൾക്കകം സ്ഥലത്തേക്കെത്തിയ പൊലീസുകാരെ കണ്ടതോടെ വിദ്യാർഥികൾ പിരിഞ്ഞുപോയി.

Full View

'മസൂറി പൊലീസ് സ്റ്റേഷൻ പരിധിയിൽ ചില കോളജ് വിദ്യാർഥികൾക്കിടയിൽ സംഘർഷമുണ്ടായി. രണ്ട് വിദ്യാർഥി ഗ്രൂപ്പുകൾ തങ്ങളുടെ ആധിപത്യം തെളിയിക്കാനാണ് തെരുവിൽ ഏറ്റുമുട്ടിയത്. വിദ്യാർഥികളിൽ ചിലരെ ഒരു കാർ ഇടിച്ചുതെറിപ്പിച്ചു. പ്രാഥമിക അന്വേഷണത്തിന് ശേഷം ചില വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു. അവരെ ചോദ്യം ചെയ്തുവരുന്നു' -പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. കാർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.

Tags:    
News Summary - Speeding Car Rams Brawling Men In UP. This Happened Next

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.