"ബാൽ താക്കറെയുടെ ആത്മാവ് വേദനിക്കുന്നുണ്ടാകും"- ഹനുമാന്‍ചാലിസ അറസ്റ്റിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബെ. ഹനുമാന്‍ ചാലിസ ചൊല്ലിയതിന്‍റെ പേരിൽ ആളുകളെ അറസ്റ്റ് ചെയ്തതിൽ ബാൽ താക്കറെയുടെ ആത്മാവ് വേദനിക്കുന്നുണ്ടാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആഴ്ച അമരാവതി എം.പി നവനീത് റാണയും അവരുടെ ഭർത്താവും എം.എൽ.എയുമായ രവി റാണയും ഉദ്ധവ് താക്കറെയുടെ മുംബൈയിലെ വസതിക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിദ്വേഷപരമായ പ്രഖ്യാപനത്തെ തുടർന്ന് ഇരുവരെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.

പതിനൊന്നായിരത്തോളം ഉച്ചഭാഷിണികൾ ആരാധനാലയങ്ങളിൽ നിന്ന് നീക്കം ചെയ്തതായി അവകാശപ്പെടുന്ന ഉത്തർപ്രദേശ് സർക്കാരിന്റെ നടപടിയെ ചൗബെ അഭിനന്ദിച്ചു. ശബ്ദ മലിനീകരണം കാരണം ആളുകൾ നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്നും ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കാൻ സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. രാത്രി വൈകിയോ പുലർച്ചെയോ ഉച്ചഭാഷിണികൾ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെയ് മൂന്നിനകം മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് എം.എൻ.എസ് മേധാവി രാജ് താക്കറെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഉച്ചഭാഷിണിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആരംഭിക്കുന്നത്. ഉച്ചഭാഷിണികൾ സർക്കാർ നീക്കം ചെയ്തില്ലെങ്കിൽ എം.എന്‍.എസ് പ്രവർത്തകർ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ വായിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - Soul Of Bal Thackeray Would've Been Hurt: Union Minister On Hanuman Chalisa Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.