രാഹുലിന്‍റെ ക്ഷമയിലും കരുത്തിലും വിശ്വാസമർപ്പിക്കുന്നു: സോണിയ

ന്യൂഡൽഹി: 19 വർഷങ്ങളായി കോൺഗ്രസ് പ്രസിഡന്‍റായിരുന്ന സോണിയ ഗാന്ധി വികാരനിർഭരമായ വിടവാങ്ങൾ പ്രസംഗമാണ് നടത്തിയത്. പുതിയ കോൺഗ്രസ് പ്രസിഡന്‍റായി ചുമതലയേൽക്കുന്ന രാഹുലിന് എല്ലാ ഭാവുകങ്ങളും അനുഗ്രഹവും അർപ്പിച്ചുകൊണ്ടാണ് സോണിയ ആരംഭിച്ചത്. സോണിയക്കും രാഹുലിനും അഭിവാദ്യമർപ്പിച്ചുകൊണ്ടുള്ള പടക്കം പൊട്ടിക്കൽ കുറച്ചുനേരത്തേക്ക് പ്രസംഗം തടസ്സപ്പെടുത്തിയെങ്കിലും പിന്നീട് അവർ തുടർന്നു.  

താൻ കോൺഗ്രസ് പ്രസിഡന്‍റായി ചുമതലയേറ്റ ആദ്യനാളുകളെക്കുറിച്ചും അവർ ഓർമിച്ചു. ആദ്യപ്രസംഗം വായിക്കുമ്പോൾ എന്‍റെ കൈകൾ വിറച്ചിരുന്നതായി ഞാൻ ഓർക്കുന്നു. എന്നാൽ, ചരിത്രപരമായ വലിയ ഉത്തരവാദിത്തമായിരുന്നു എന്‍റെ തോളുകളിൽ ഉള്ളത് എന്ന് എനിക്കറിയാമായിരുന്നു. 

ഇന്ദിരാജി എന്നെ മകളായാണ് കണ്ടത്. 1984ൽ അവർ മരിച്ച ആ നിമിഷം എന്‍റെ ജീവിതം തന്നെ മാറിമറിഞ്ഞു. സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറ്റി എന്‍റെ ഭർത്താവിനേയും കുട്ടികളേയും സംരക്ഷിക്കണമെന്നായിരുന്നു അന്ന് എന്‍റെ ആഗ്രഹം. പക്ഷെ രാജീവിന് മുന്നിൽ വലിയ ഉത്തരവാദിത്തങ്ങളുണ്ടായിരുന്നു. വലിയ വെല്ലുവിളിയായാണ് അദ്ദേഹം അത് സ്വീകരിച്ചത്. പക്ഷെ അദ്ദേഹവും കൊല്ലപ്പെട്ടു. കുട്ടികളെ വളർത്തുക എന്നത് മാത്രമായിരുന്നു പിന്നീട് എന്‍റെ ലക്ഷ്യം. എന്നാൽ വർഗീയ ശക്തികൾ രാജ്യത്തെ നശിപ്പിച്ചപ്പോൾ ലക്ഷക്കണക്കിന് വരുന്ന കോൺഗ്രസ് പ്രവർത്തകരുടെ അഭ്യർഥന മാനിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഇന്ദിരാജിയുടേയും രാജീവ്ജിയുടേയും വംശമഹിമയും അന്തസും നിലനിർത്താൻ വേണ്ടി ഞാൻ കോൺഗ്രസ് അധ്യക്ഷയായി.

അന്ന് മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസിന് അധികാരം ഉണ്ടായിരുന്നത്. കോൺഗ്രസിന്‍റെ മൂല്യം ഉയർത്തിപ്പിടിച്ച നമുക്ക് ദശലക്ഷക്കണക്കിനാളുകളുടെ വിശ്വാസം ആർജിക്കാൻ കഴിഞ്ഞു. ഓരോ കോൺഗ്രസ് പ്രവർത്തകനും എനിക്ക് സഹപ്രവർത്തകൻ മാത്രമായിരുന്നില്ല, എന്‍റെ വഴികാട്ടിയുമായിരുന്നു. 

രാഹുൽ എന്‍റെ മകനാണ്. അതിനാൽത്തന്നെ അദ്ദേഹത്തെ ഞാൻ പ്രശംസിക്കുന്നത് ശരിയല്ല. പക്ഷെ രാഷ്ട്രീയത്തിൽ അദ്ദേഹം വലിയ വിമർശനങ്ങൾ നേരിട്ടുണ്ട്. അതാണ് രാഹുലിന് കരുത്ത് പകർന്നതും. രാഹുലിന്‍റെ കരുത്തിലും ക്ഷമയിലും എനിക്ക് വിശ്വാസമുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് സോണിയ പ്രസംഗം അവസാനിപ്പിച്ചത്.

Tags:    
News Summary - Sonia Gandhi's last speech as AICC president-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.