'എന്നോട് സംസാരിക്കാൻ വരേണ്ട'; സ്മൃതി ഇറാനിയോട് അരിശപ്പെട്ട് സോണിയ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ലോക്സഭയിൽ മുഖാമുഖം കൊമ്പുകോർത്തു. കോൺഗ്രസ് സഭാനേതാവ് അധീർ രഞ്ജൻ ചൗധരി 'രാഷ്ട്രപത്നി'എന്നുപറഞ്ഞതിനെച്ചൊല്ലിയുണ്ടായ ബി.ജെ.പി -കോൺഗ്രസ് പോര് മൂർധന്യത്തിലെത്തിയ ഘട്ടത്തിലായിരുന്നു ഇത്.

ചൗധരിയുടെ നാക്കുപിഴയിലേക്ക് തന്നെ അനാവശ്യമായി വലിച്ചിഴച്ച സ്മൃതി ഇറാനി അടുത്തേക്കു വന്നപ്പോൾ 'നിങ്ങൾ എന്നോട് സംസാരിക്കേണ്ട'എന്നുപറഞ്ഞായിരുന്നു സോണിയ വിലക്കിയത്. ചൗധരിയുടെ നാക്കുപിഴ ബോധപൂർവമായ ലൈംഗിക അവഹേളനമാക്കി ബി.ജെ.പി എം.പിമാർ ഒന്നടങ്കം ലോക്സഭ സ്തംഭിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ.

ചൗധരിയുടെ പിഴവിന് സോണിയ മാപ്പു പറയണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡുകളുയർത്തി ബി.ജെ.പി എം.പിമാർ ബഹളംവെച്ചു. അപമാനിക്കാൻ സോണിയ ഗാന്ധിയാണ് അനുമതികൊടുത്തതെന്നും രാജ്യത്തിന്‍റെ ഉന്നത ഭരണഘടന പദവിയിലിരിക്കുന്ന ഒരാളെ ആക്ഷേപിക്കാനാണ് സോണിയ അനുമതി നൽകിയതെന്നും സ്മൃതി ഇറാനി ആരോപിച്ചു. ഇതോടെ ബഹളം മൂർഛിച്ചതിനാൽ സ്പീക്കർ ഓം ബിർള സഭ നിർത്തിവെച്ചു. ഇതിനിടയിൽ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ സോണിയ എല്ലാവരെയും അമ്പരപ്പിച്ച് ഭരണബെഞ്ചിനുനേരെ ചെന്നു. ഏറ്റവും മുതിർന്ന ബി.ജെ.പി വനിത അംഗമായ രമാദേവിയെ കണ്ട് 'ഇതിനകം അധീർ രഞ്ജൻ ചൗധരി ക്ഷമാപണം നടത്തിയ വിഷയത്തിലേക്ക് തന്നെ എന്തിനാണ് വലിച്ചിഴക്കുന്നത്'എന്ന് ചോദിച്ചു.

ഇരുവരും സംസാരിക്കുന്നതിനിടയിൽ 'മാഡം, ഞാനല്ലേ നിങ്ങളുടെ പേര് പറഞ്ഞത്, ഞാനൊന്ന് സഹായിച്ചോട്ടെ'എന്നുചോദിച്ച് സ്മൃതി ഇറാനി ഇടപെടാൻ നോക്കി. അപ്പോഴാണ് 'നിങ്ങൾ എന്നോട് സംസാരിക്കേണ്ട'എന്ന് സോണിയ അവരോട് പ്രതികരിച്ചത്. അതോടെ, ഭരണപക്ഷ എം.പിമാർ സോണിയക്കെതിരെ ഇളകി. ഭരണപക്ഷത്തെ ചെറുക്കാൻ പ്രതിപക്ഷവും ബഹളംവെച്ചു. മുദ്രാവാക്യം വിളിക്കുന്ന ബി.ജെ.പി എം.പിമാർക്കിടയിൽനിന്ന് എൻ.സി.പി നേതാവും ശരത് പവാറിന്‍റെ മകളുമായ സുപ്രിയ സുലെയും തൃണമൂൽ കോൺഗ്രസ് എം.പിമാരും ചേർന്നാണ് സോണിയ ഗാന്ധിയെ മാറ്റിയത്. കേന്ദ്രമന്ത്രിമാർ അടക്കമുള്ള ബി.ജെ.പി എം.പിമാരെ അനുനയിപ്പിക്കാൻ കേന്ദ്ര പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ശ്രമിച്ചു.

പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ തങ്ങളുടെ എം.പിമാരെ സോണിയ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചു.

കോൺഗ്രസിന്‍റെ ഉന്നത നേതാവിൽനിന്ന് പ്രായശ്ചിത്തത്തിനു പകരം പ്രകോപനമാണുണ്ടായതെന്നും നിർമല ആരോപിച്ചു. എന്നാൽ രോഷാകുലരായ കോൺഗ്രസ് നേതാക്കൾ, സോണിയക്കുനേരെ വന്ന് നിന്ദ്യമായി പെരുമാറിയത് സ്മൃതി ഇറാനിയാണെന്ന് ആരോപിച്ചു. സ്പീക്കർ ഇത് അപലപിക്കുമോ എന്നും റൂൾബുക്ക് കോൺഗ്രസിന് മാത്രമാണോ ബാധകം എന്നും രാജ്യസഭ കോൺഗ്രസ് ചീഫ് വിപ്പ് ജയറാം രമേശ് ചോദിച്ചു.

Tags:    
News Summary - Sonia Gandhi lashes out at Smriti Irani in Lok Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.