അധ്യക്ഷൻ ആരാകണമെന്ന് സോണിയ ഗാന്ധി തീരുമാനിക്കണം? നിർണായക ചുവടുവെപ്പുമായി കോൺഗ്രസ്

ന്യൂഡൽഹി: അധ്യക്ഷൻ ആരാകണമെന്ന് സോണിയ ഗാന്ധി തീരുമാനിക്കണമെന്ന നിർണായക ചുവടുവെപ്പുമായി കോൺഗ്രസ്. പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരെയും എ.ഐ.സി.സി അംഗങ്ങളെയും നാമനിർദേശം ചെയ്യുന്നതിനായി ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കണമെന്ന് കോൺഗ്രസിലെ ഉന്നതർ സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. അടുത്ത മാസമാണ് കോൺഗ്രസ് പ്രസിഡ തെരഞ്ഞെടുപ്പ് നടക്കുക. അതേസമയം, പാർട്ടി അധ്യക്ഷന്‍റെ തെരഞ്ഞെടുപ്പുമായി ഇതിന് ബന്ധമില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അതിൽ സോണിയ മത്സരിക്കുന്നില്ല. അതേസമയം രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നായിരുന്നു അശോക് ഗെഹ്ലോട്ടിനെ പോലുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടത്. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയെ പോലും ആ സ്ഥാനത്തേക്ക് വേണ്ടെന്നാണ് നേതാക്കളുടെ പക്ഷം.

എന്നാൽ ​ഗാന്ധി കുടുംബത്തിനു പുറത്തുള്ളവർ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് സോണിയ ആവശ്യപ്പെട്ടിരുന്നത്. അതിന്റെ ഭാഗമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേര് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ രാഹുൽ അധ്യക്ഷനാകണം എന്നാണ് ഗെഹ്ലോട്ട് തറപ്പിച്ചു പറയുന്നത്. പാർട്ടിയിലെ ഐക്യം വീണ്ടെടുക്കാൻ കൂടി ലക്ഷ്യമിട്ട് ഭാരത് ജോഡോ യാത്രയുടെ തിരക്കിലാണ് രാഹുൽ ഗാന്ധി.

ഈ മാസം 20നു മുമ്പ് സോണിയയെ അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദേശം ചെയ്ത് പ്രമേയം പാസാക്കണമെന്നാണ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അഭ്യർഥന. സെപ്റ്റംബർ 22 മുതലാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങുന്നത്. സെപ്റ്റംബർ 24നും 30 നും ഇടയിലായി നാമനിർദേശം സമർപ്പിക്കണം. ഒക്ടോബർ 17ന് വോട്ടെടുപ്പ് നടക്കും.

കഴിഞ്ഞ മൂന്നുവർഷമായി ഇടക്കാല അധ്യക്ഷയാണ് സോണിയ. തുടർച്ചയായി 18വർഷം അധ്യക്ഷ സ്ഥാനത്തിരുന്നതിനു പിന്നാലെ 2017ലാണ് അവർ രാഹുലിന് വഴിമാറിക്കൊടുത്തത്. രാഹുൽ എതിരില്ലാതെയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 2019ലെ ലോക് സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുൽ പദവി രാജി​വെച്ചപ്പോൾ സോണിയ വീണ്ടും ഇടക്കാല പ്രസിഡന്റായി.


Tags:    
News Summary - sonia gandhi is to pick congress president again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.