ചോദ്യം ചോദിക്കുന്നവരെ വിദേശ ഏജന്റുമാരായി മുദ്രകുത്തുന്നു; സർക്കാറിനെതിരെ അഞ്ച് ചോദ്യങ്ങളുമായി കെ. അണ്ണാമലൈ

ചെന്നൈ: കേന്ദ്രസർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി തമിഴ്‌നാട് മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ. സി.ജെ.പി നേതാക്കൾക്കെതിരായ ഡൽഹി പൊലീസിന്റെ നടപടിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചാണ് കെ. അണ്ണാമലൈ രംഗത്തുവന്നത്. സർക്കാറിനോട് ചോദ്യങ്ങൾ ചോദിക്കുന്നവരെ വിദേശ ഏജന്റുമാരായി മുദ്രകുത്തുന്നതിനുപകരം അവരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് വേണ്ടതെന്ന് അണ്ണാമലൈ പറഞ്ഞു. ജനാധിപത്യത്തിൽ നിയമപരമായ നടപടിക്രമങ്ങളുടെ ലംഘനം ചോദ്യം ചെയ്താൽ പലതരത്തിലുള്ള പേരുകൾ വിളിച്ച് അധിക്ഷേപിക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

സി.ജെ.പി നേതാക്കളെ തടങ്കലിലാക്കിയും അവർക്കെതിരേ പൊലീസ് നടപടി സ്വീകരിച്ചും ബി.ജെ.പി സംഘടനയുടെ ജനപ്രീതി വർധിപ്പിക്കുകയാണെന്നും അണ്ണാമലൈ പറഞ്ഞു. പ്രതിഷേധ വേദിയായ ജന്തർമന്ദറിന്റെ പദവി റദ്ദാക്കിയത്, സ്‌പെഷ്യൽ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ അധികാരപരിധി, ഒക്ടോബർ 13-ന് സി.ജെ.പി പ്രവർത്തകരുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴുണ്ടായ നടപടികൾ, എട്ട് ജാമ്യക്കാരെ തള്ളിക്കളഞ്ഞത്, നീറ്റ് പ്രതിഷേധത്തിനിടെ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചെന്ന ആരോപണം എന്നിങ്ങനെ അണ്ണാമലൈ കേന്ദ്രസർക്കാറിനെതിരേ അഞ്ച് ചോദ്യങ്ങളുമുയർത്തി.

പ്രതിഷേധം നടത്താൻ അനുമതി തേടി സി.ജെ.പി അപേക്ഷ നൽകിയതിന് പിന്നാലെ ജന്തർമന്ദറിന്റെ പ്രതിഷേധവേദി എന്ന പദവി എങ്ങനെയാണ് റദ്ദാക്കിയതെന്നും അണ്ണാമലൈ ചോദിച്ചു. വിഷയം ഹൈകോടതിയുടെ പരിഗണനയിലെത്തിയതിന് പിന്നാലെ സ്‌പെഷ്യൽ എക്‌സിക്യുട്ടീവ് മജിസ്ട്രേറ്റ് തടങ്കലിലായിരുന്ന സി.ജെ.പി ഭാരവാഹികളെ വിട്ടയച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ പാർട്ടികളുടെ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിനായി സി.ജെ.പിയെ വലിയൊരു രാഷ്ട്രീയ ശക്തിയായി ഉയർത്തിക്കാട്ടാനാണോ ബി.ജെ.പിയുടെ ശ്രമമെന്നും അദ്ദേഹം ചോദിച്ചു. ഈ നില തുടർന്നാൽ പണം നൽകിയാൽ പോലും ഇതിലും മികച്ചൊരു പ്രചാരണസംഘത്തെ സി.ജെ.പിക്ക് ലഭിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.

അണ്ണാമലൈയുടെ നിലപാടിനെതിരെ ബി.ജെ.പിയും രംഗത്തുവന്നിട്ടുണ്ട്. പാർട്ടി വിട്ടതിനുശേഷം എസ്.ഐ.ആറിനെക്കുറിച്ചുള്ള നിലപാട് അദ്ദേഹം മാറ്റിയെന്നും ഇരട്ടത്താപ്പാണ് പ്രകടിപ്പിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു. സി.ജെ.പിയുടെയും കോൺഗ്രസിന്റെയും ആരോപണങ്ങളെ പിന്തുണക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും ബി.ജെ.പി തമിഴ്നാട് പ്രധാന വക്താവ് നാരായണൻ തിരുപ്പതി ആവശ്യപ്പെട്ടു. 

Tags:    
News Summary - K. Annamalai Poses Five Questions to Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.