അമേരിക്കയുമായുള്ള ഇടക്കാല വ്യാപാരകരാറിൽ ഒപ്പുവെക്കാന്‍ വിസമ്മതിച്ചുവെന്ന വാർത്ത തള്ളി കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

ന്യൂഡൽഹി: ഇന്ത‍്യ-യു.എസ് ഇടക്കാല വ്യാപാരകരാറിൽ ഒപ്പുവെക്കാന്‍ വിസമ്മതിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പീയുഷ് ഗോയൽ. യു.എസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറുമായി വളരെ മികച്ച രീതിയിൽ കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായി അടുത്തിടെ നടന്ന ചർച്ചയിൽ പെട്ടെന്നുള്ള വ്യാപാരകരാർ ഇന്ത‍്യ നിരസിച്ചുവെന്ന തരത്തിലുള്ള അന്താരാഷ്ട്ര വാർത്താ ഏജന്‍സിയുടെ റിപ്പോർട്ടിന് പിന്നാലെയാണ് പരാമർശം.

ഈ വാർത്ത പൂർണ്ണമായും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ജൂണിൽ ഡൽഹി സന്ദർശിച്ചപ്പോൾ അമേരിക്കയുടെ വ്യാപാരപ്രതിനിധി ജാമിസൺ ഗ്രീറുമായി മികച്ച കൂടികാഴ്ചകൾ നടത്തി എന്ന് കേന്ദ്ര മന്ത്രി തന്‍റെ എക്സ് പോസ്റ്റിൽ കുറിച്ചു. ഇരു രാജ്യങ്ങളിലേയും കർഷകർ, തൊഴിലാളികൾ, ഉപഭോക്താക്കൾ, വ്യാപാരികൾ തുടങ്ങിയവർക്കായി സന്തുലിതവും വാണിജ്യപരവും അർഥവത്തായതുമായ നേട്ടങ്ങൾ കൈവരിക്കുന്നതിനുതകുന്ന കരാറിലെത്താന്‍ തങ്ങൾ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുവെന്നുമാണ് കേന്ദ്രമന്ത്രി അറിയിച്ചത്. ഈ ലക്ഷ‍്യം കൈവരിക്കുന്നതിനായി ഇരു നേതാക്കളും വ്യാപൃതരാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. 

യു.എസുമായി പെട്ടെന്നൊരു ഇടക്കാല വ്യാപാര കരാറിൽ ഒപ്പുവെക്കാൻ ഇന്ത്യ വിസമ്മതിച്ചു എന്നാണ് വാർത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോർട്ടിൽ പരാമർശിച്ചത്. ആഭ്യന്തര രാഷ്ട്രീയ നേട്ടങ്ങളും മറ്റ് ആഗോള വ്യാപാര പങ്കാളികളെ ലഭിച്ചതും മൂലം ഇന്ത്യ കൂടുതൽ നിബന്ധനകൾക്കായി ചർച്ചകൾ നീട്ടിക്കൊണ്ടുപോകുകയാണെന്നും റിപ്പോർട്ടിൽ ഉണ്ടായിരുന്നു. കാർഷിക മേഖലയിലെ വിട്ടുവീഴ്ചകൾ, നികുതി ആനുകൂല്യങ്ങൾ എന്നിവയിൽ വ്യക്തത വരാത്തതാണ് തടസ്സമെന്നും അവർ ചൂണ്ടിക്കാണിച്ചു

Tags:    
News Summary - Union Minister Piyush Goyal refutes reports that India refused to sign an interim trade deal with the US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.