ആർജവ് മോദി
ബംഗളൂരു: ‘നിങ്ങൾ എവിടെ ജീവിക്കുന്നു എന്നതാണ് നിങ്ങളുടെ ചിന്തകളെയും ജീവിതരീതിയെയും സ്വാധീനിക്കുന്നത്’ —ബംഗളൂരുവിലെ തിരക്കേറിയ നഗരജീവിതത്തെയും ഒരു മലയോര ഗ്രാമത്തിലെ ശാന്തമായ ജീവിതത്തെയും താരതമ്യം ചെയ്ത് ലിങ്ക്ഡ്ഇന്നിൽ പങ്കുവെച്ച യുവാവിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.
ഐ.ഐ.ടി കാൺപൂരിലെ പൂർവവിദ്യാർഥിയായ അർജവ് മോദിയാണ്, ബംഗളൂരുവിലെ സ്റ്റാർട്ടപ്പ് നഗരജീവിതവും കഴിഞ്ഞ നാല് മാസമായി താമസിക്കുന്ന ചെറിയ മലയോര പട്ടണത്തിലെ ജീവിതവും താരതമ്യം ചെയ്ത് കുറിപ്പ് പങ്കുവെച്ചത്. ‘നിങ്ങൾ എവിടെ ജീവിക്കുന്നു എന്നത് നിങ്ങളുടെ ചിന്തകളെയും പ്രവർത്തനരീതികളെയും സ്വാധീനിക്കുന്നു’ എന്നായിരുന്നു പ്രധാന സന്ദേശം.
മലയോര ഗ്രാമത്തിലെ ലളിതമായ ജീവിതം കൂടുതൽ സമാധാനവും സംതൃപ്തിയും നൽകിയെന്നാണ് ആർജവ് പറയുന്നത്. കുറഞ്ഞ വരുമാനവും ലളിതമായ ജീവിത സാഹചര്യങ്ങളുമുണ്ടെങ്കിലും പ്രകൃതിയോട് ചേർന്ന് ജീവിക്കാനും ജീവിതത്തെ മറ്റൊരു കാഴ്ചപ്പാടിൽ കാണാനും സാധിക്കുന്നുവെന്ന് അദ്ദേഹം കുറിച്ചു.
നഗരജീവിതത്തിൽ, 27-ാം വയസ്സിൽ ഉയർന്ന ശമ്പളവും ഫ്ലാറ്റും ആഡംബര ജീവിതവുമുണ്ടെങ്കിലും, മറ്റുള്ളവരുമായി നടത്തുന്ന നിരന്തര താരതമ്യം പലരിലും അപര്യാപ്തതയും ആത്മവിശ്വാസക്കുറവും സൃഷ്ടിക്കുന്നു. എന്നാൽ, മലയോര ഗ്രാമത്തിലെ ജീവിതം തികച്ചും വ്യത്യസ്തമാണ്. ചെറിയ വീട്ടിൽ താമസിച്ച്, കുറഞ്ഞ വരുമാനത്തിലായാലും, സായാഹ്നവും സൂര്യാസ്തമയവും ആസ്വദിച്ച് ജീവിതപങ്കാളിക്കൊപ്പം നടക്കാനും പ്രകൃതിയോട് ചേർന്ന് ജീവിക്കാനും അവിടെ അവസരമുണ്ട്.
മാത്രമല്ല, അവിടെയുള്ള 30 വയസ്സിന് മുകളിലുള്ള ആളുകൾ സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്നത് കാണുമ്പോൾ, ‘ജീവിതത്തിലെ ഏറ്റവും നല്ല കാലം ഇനിയും മുന്നിലാണെന്ന’ ആത്മവിശ്വാസം ലഭിക്കുന്നുവെന്നും ആർജവ് കുറിക്കുന്നു.
മലയോര പട്ടണത്തിൽ താമസിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കുറിപ്പെന്ന് വ്യക്തമാക്കിയ അദ്ദേഹം, ‘താൻ ആളുകളെ നഗരം വിട്ട് മലകളിലേക്ക് മാറാൻ പ്രേരിപ്പിക്കുകയല്ലെന്നും, മറ്റുള്ളവരുമായി നിരന്തരം താരതമ്യം ചെയ്ത് സ്വയം ചെറുതായി കാണരുതെന്ന സന്ദേശമാണ്’ പങ്കുവെക്കാൻ ഉദ്ദേശിച്ചതെന്ന് പിന്നീട് വിശദീകരിച്ചു.
കുറിപ്പിന് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുത്. ജീവിതം എവിടെ എന്നതിലല്ല, എങ്ങനെ കാണുന്നു എന്നതിലാണ് സന്തോഷം, സന്തോഷം താരതമ്യത്തിലല്ല, സംതൃപ്തിയിലാണ്, ഓരോ ജീവിതരീതിക്കും അതിന്റേതായ ഗുണദോഷങ്ങളുണ്ട് എന്നിങ്ങനെ നീളുന്നു അഭിപ്രായപ്രകടനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.