ബാബ രാംദേവ്

'ഹിന്ദു രാഷ്ട്രത്തെ ആരും ഭയക്കേണ്ടതില്ല, നമ്മുടെ പൂർവികരെല്ലാം സനാതന ഹിന്ദുക്കൾ' -ബാബ രാംദേവ്

ന്യൂഡൽഹി: യോഗ ഗുരു എന്ന് വിശേഷിപ്പിക്കുന്ന ബാബ രാംദേവിന്റെ വിവാദ പ്രസ്താവനയിൽ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. ഇന്ത്യയിൽ മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കും യാതൊരു ഭീഷണിയില്ലെന്നും എല്ലാവരുടെയും പൂർവ്വികർ സനാതന ഹിന്ദുക്കളാണെന്നുമുള്ള വിവാദ പരാമർശമാണ് രാംദേവ് നടത്തിയത്. അതിനാൽ തന്നെ ഹിന്ദു രാഷ്ട്രത്തെ ഭയക്കേണ്ടതില്ലെന്നും രാംദേവ് കൂട്ടിച്ചേർത്തു. 2009ൽ ഹരിദ്വാറിന് സമീപമുള്ള ദിയോബന്ദ് സന്ദർശിച്ചപ്പോൾ നടത്തിയ സംഭാഷണത്തെ അനുസ്മരിച്ചുകൊണ്ടാണ് രാംദേവ് ഇക്കാര്യം വ്യക്തമാക്കിയത്.

'നമ്മുടെ മതങ്ങൾ വേറിട്ടതായിരിക്കാം, എന്നാൽ പൂർവ്വികർ ഒന്നാണ്. ഹിന്ദു രാഷ്ട്രം എന്ന ആശയത്തെക്കുറിച്ച് ആരും ഭയപ്പെടേണ്ടതില്ല. നമ്മുടെയെല്ലാം പൂർവ്വികർ സനാതന ഹിന്ദു ആര്യ-വൈദികരായിരുന്നു,' രാംദേവ് പറഞ്ഞു. 'ഹിന്ദു രാഷ്ട്രം വന്നാൽ മുസ്‌ലിംകളും ക്രിസ്ത്യാനികളും എങ്ങോട്ട് പോകും?' എന്ന് ചോദിക്കുന്നവരോട് തങ്ങളുടെ പൂർവ്വികരുടെ പാരമ്പര്യം പിന്തുടരാനാണ് അദ്ദേഹം ഉപദേശിച്ചത്. രാംദേവിന്റെ പ്രസ്താവനകളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, എ.ഐ.എം.ഐ.എം എന്നിവർ രംഗത്തെത്തി.

എല്ലാവരും സനാതനികളാണെന്ന് വാദിക്കുന്നവർ തന്നെ എന്തുകൊണ്ടാണ് ജനങ്ങൾക്കിടയിൽ ഇത്രയധികം വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് ചോദിച്ചു. രാജ്യം ഭരണഘടനയനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും, ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചിട്ടില്ലെന്നും എ.ഐ.എം.ഐ.എം മുതിർന്ന നേതാവ് വാരിസ് പത്താൻ ഓർമപ്പെടുത്തി. എന്നാൽ, രാജ്യത്തെ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ബി.ജെ.പിയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഇത്തരം പരാമർശങ്ങളെന്നും സമാജ്‌വാദി പാർട്ടി നേതാവ് ഫക്രുൽ ഹസൻ ചാന്ദ് ആരോപിച്ചു.

അതേസമയം, അല്ലാഹുവിനെ സേവിക്കുമ്പോൾ മുസ്‌ലിങ്ങൾ ആരെയും ഭയപ്പെടുകയില്ലായെന്ന് ലഖ്‌നൗ ഈദ്ഗാഹ് ഇമാം മൗലാന ഖാലിദ് റഷീദ് ഫിരംഗി മഹാലി വ്യക്തമാക്കി. എല്ലാവരും പരസ്പരം ബഹുമാനിക്കുകയും മതപരമായ ധ്രുവീകരണത്തിന് വഴിയൊരുക്കാതിരിക്കുകയും ചെയ്യണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഉത്തരാഖണ്ഡിലെ മദ്രസ ബോർഡ് പിരിച്ചുവിട്ടതും പള്ളികൾ പൊളിക്കുന്നതും പോലുള്ള ഭരണകൂട നടപടികൾ സമൂഹത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആദ്യമായല്ല ഇത്തരം പ്രസ്താവനകൾ ബാബ രാംദേവ് നടത്തുന്നത്. മുൻകാലങ്ങളിൽ പതഞ്ജലി ഉൽപ്പന്നങ്ങളുടെ പരസ്യങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നും ഡൽഹി ഹൈകോടതിയിൽ നിന്നും രാംദേവിന് രൂക്ഷമായ താക്കീതുകൾ ലഭിച്ചിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ കോടതിയുടെ കർശന നിർദ്ദേശങ്ങൾ ഉണ്ടായിട്ടും വീണ്ടും നിയമലംഘനം നടന്നത് വലിയ ചർച്ചയായിരുന്നു. 

Tags:    
News Summary - Baba Ramdev says No one needs to fear Hindu Rashtra, all our ancestors were Sanatan Hindus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.