ന്യൂഡൽഹി: സൊഹ്റാബുദ്ദീൻ ശൈഖ് വ്യാജ ഏറ്റുമുട്ടൽ കൊലക്കേസ് അന്വേഷിച്ച സി.ബി.െഎ ഉദ്യോഗസ്ഥൻ സി.ബി.െഎയുടെ തന്നെ അന്വേഷണ കുരുക്കിൽ. ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത്ഷായെയും ഗുജറാത്ത് പൊലീസിലെ അന്നത്തെ ഉന്നതരെയും സൊഹ്റാബുദ്ദീൻ കേസിൽ ചോദ്യംചെയ്ത നാഗാലാൻഡ് കേഡർ െഎ.പി.എസ് ഉദ്യോഗസ്ഥൻ സന്ദീപ് തംഗാഡ്ഗെയാണ് ഇപ്പോൾ ക്രിമിനൽ അന്വേഷണ നടപടി നേരിടുന്നത്.
സന്ദീപിനെ സി.ബി.െഎ തന്നെ കുടുക്കുകയാണെന്നു ചൂണ്ടിക്കാട്ടി പത്രപ്രവർത്തകനും ആം ആദ്മി പാർട്ടി നേതാവുമായ ആശിഷ് ഖേതാൻ തയാറാക്കിയ റിപ്പോർട്ട് ‘ദ വയർ’ പോർട്ടലിൽ പ്രസിദ്ധീകരിച്ചു.
നാഗ്പുർ സ്വദേശിയും പിന്നാക്ക വിഭാഗക്കാരനുമായ സന്ദീപ് തംഗാഡ്ഗെ 2011 മുതൽ 2015 ഒക്ടോബർ വരെ സി.ബി.െഎയിൽ െഡപ്യൂേട്ടഷനിലായിരുന്നു. അഴിമതിക്കേസിൽ സന്ദീപിനെ കുടുക്കുന്നതിന് കള്ളമൊഴി നൽകാൻ സി.ബി.െഎ നിർബന്ധിക്കുന്നതായി രണ്ടു സാക്ഷികൾ നാഗ്പുർ കോടതിയിലും മഹാരാഷ്ട്ര പൊലീസിലും മൊഴിനൽകിയിട്ടുണ്ട്.
2015 വരെ സി.ബി.െഎയിൽ പല ചുമതലകൾ സന്ദീപ് നിർവഹിച്ചിട്ടുണ്ട്. മുംബൈ സി.ബി.െഎ സ്പെഷൽ ക്രൈംബ്രാഞ്ച് എസ്.പിയുമായിരുന്നു. 2014 വരെയുള്ള മൂന്നു വർഷത്തിനിടയിൽ സൊഹ്റാബുദ്ദീൻ കൊലയുമായി ബന്ധപ്പെട്ട രണ്ടു കേസുകൾ അന്വേഷിച്ചിട്ടുണ്ട്. സൊഹ്റാബുദ്ദീെൻറ ഭാര്യ കൗസർബിയെ കൊലക്കു മുമ്പ് ബലാത്സംഗം ചെയ്തുവെന്നും പിന്നീട് കത്തിച്ചുവെന്നുമുള്ള കേസ് സി.ബി.െഎയാണ് അന്വേഷിച്ചത്.
2014 ഏപ്രിലിൽ ഇൗ കേസിെൻറ അന്വേഷണത്തിൽനിന്ന് സന്ദീപിനെ സി.ബി.െഎ പിൻവലിച്ചു. മോദിസർക്കാർ കേന്ദ്രത്തിൽ അധികാരമേൽക്കുന്നതിന് ആഴ്ചകൾക്കു മുമ്പായിരുന്നു ഇത്. സി.ബി.െഎ അന്വേഷണ നടപടികളിൽ പലതിലും വെള്ളം ചേർത്തുവെന്ന ആരോപണം നേരിടുന്ന രഞ്ജിത് സിൻഹയായിരുന്നു അന്ന് സി.ബി.െഎ ഡയറക്ടർ. 2015 ജൂലൈയിൽ സന്ദീപിെൻറ സെക്യൂരിറ്റി പിൻവലിച്ചു. ഒക്ടോബറിൽ നാഗാലാൻഡ് കേഡറിലേക്ക് തിരിച്ചയക്കുകയും ചെയ്തു.
അതിനു ശേഷമാണ് കുരുക്കു വീണത്. നാഗ്പുരിൽ സി.ബി.െഎയുടെ അഴിമതിവിരുദ്ധ വിഭാഗം എസ്.പിയായിരിക്കെ മേൽനോട്ടം വഹിച്ച രണ്ടു കേസുകളുമായി ബന്ധപ്പെട്ട് രണ്ട് അന്വേഷണങ്ങൾ സി.ബി.െഎ ആരംഭിച്ചു. ഗുജറാത്ത് പൊലീസ് ഏറ്റുമുട്ടൽ കൊലക്കേസുമായി ഇതിനു ബന്ധമില്ല. 2013ൽ വർക്കേഴ്സ് എജുക്കേഷൻ ബോർഡിലെ ഉദ്യോഗസ്ഥൻ നാലു ലക്ഷം രൂപ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട കേസായിരുന്നു ഒന്ന്.
പ്രതിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാടെങ്കിലും ബി.ജെ.പി അധികാരത്തിൽവന്നതോടെ സി.ബി.െഎ നിലപാട് മാറ്റി. കേസ് എഴുതിത്തള്ളാൻ നാഗ്പുർ കോടതിയിൽ റിപ്പോർട്ട് നൽകി. ചില സി.ബി.െഎ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന ഇൗ അറസ്റ്റിനു പിന്നിലുള്ളതായും കോടതിയെ ബോധിപ്പിച്ചു. അത് പിന്നീട് സന്ദീപിനു നേർക്കുള്ള അന്വേഷണമായി മാറി.
കൃത്യനിർവഹണത്തിൽ വീഴ്ചവരുത്തിയെന്നതിനാണ് രണ്ടാമത്തെ കേസ്. ഒരു അന്വേഷണത്തിൽ കണ്ടെടുത്ത തൊണ്ടിമുതലുകളിൽ ചിലത് കാണാതായെന്നാണ് ആരോപണം. സന്ദീപിൽനിന്ന് പിഴ ഇൗടാക്കാൻ സി.ബി.െഎ ശിപാർശ ചെയ്തു.
കേസുകൾക്കു പിന്നാലെ വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ സന്ദീപിെൻറ പ്രവർത്തന നിലവാരം മോശമാണെന്ന് എഴുതി. സുപ്രീംകോടതി നിർദേശ പ്രകാരം ഗുജറാത്ത് പൊലീസിെൻറ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഇൗ ദുരനുഭവം. ആ കേസുകളിൽനിന്ന് പ്രതികൾ ഉൗരിപ്പോവുകയും അന്വേഷണ ഉദ്യോഗസ്ഥൻ കുരുങ്ങിനിൽക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.