ന്യൂഡൽഹി: രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ, പ്രത്യേകിച്ച് ഉഡാൻ പദ്ധതിക്ക് കീഴിൽ നിർമിച്ചവയിൽ സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണെന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിന്റെ റിപ്പോർട്ട്. വർധിച്ചുവരുന്ന ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ നിലവിലെ സുരക്ഷാ സംവിധാനങ്ങളിലെ പോരായ്മകൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
നിലവിൽ രാജ്യത്തെ 70ഓളം വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതല സി.ഐ.എസ്.എഫിനാണ്. എന്നാൽ, ഉഡാൻ പദ്ധതിക്ക് കീഴിൽ പ്രവർത്തനക്ഷമമായ മറ്റ് പല വിമാനത്താവളങ്ങളിലും സുരക്ഷാ സംവിധാനങ്ങൾ തികച്ചും അപര്യാപ്തമാണെന്നാണ് സി.ഐ.എസ്.എഫിന്റെ കണ്ടെത്തൽ. ഗോരഖ്പൂർ, മൈസൂരു, ജബൽപൂർ, ലുധിയാന, ജംഷദ്പൂർ, കൂച്ച് ബിഹാർ, ദുർഗാപൂർ തുടങ്ങിയ വിമാനത്താവളങ്ങളുടെ സുരക്ഷ നിലവിൽ അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക പൊലീസിനോ മറ്റ് കേന്ദ്ര സേനകൾക്കോ ആണ്. ഇവയിൽ പലതും അതീവ സുരക്ഷാ ഭീഷണിയുള്ളവയായി തരംതിരിച്ചിട്ടുണ്ട്.
വിമാനത്താവളങ്ങളിലെ എൻട്രി-എക്സിറ്റ് പോയിന്റുകളിൽ ആക്സസ് കാർഡുകൾ, ബയോമെട്രിക് സംവിധാനങ്ങൾ, പിൻ നമ്പറുകൾ എന്നിവ ഉൾപ്പെടുത്തി സുരക്ഷാ മാനദണ്ഡങ്ങൾ ഏകീകരിക്കണമെന്ന് സി.ഐ.എസ്.എഫ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. പ്രധാന വിമാനത്താവളങ്ങളിലുള്ള മെറ്റൽ ഡിറ്റക്ടറുകൾ, ബാഗേജ് സ്കാനറുകൾ, കർശനമായ പരിശോധനകൾ എന്നിവ ചെറിയ വിമാനത്താവളങ്ങളിലും ഉറപ്പാക്കണമെന്നും സി.ഐ.എസ്.എഫ് ആവശ്യപ്പെട്ടു.
ചെറിയ വിമാനത്താവളങ്ങൾ ഭീകരാക്രമണങ്ങൾക്ക് ഇരയാകാൻ സാധ്യതയേറെയാണെന്ന് ഇന്റലിജൻസ് ബ്യൂറോയും മുന്നറിയിപ്പ് നൽകുന്നുണ്ട്. വിമാനത്താവളങ്ങളുടെ പുറംഭാഗത്തും പാർക്കിങ് ഏരിയകളിലും സുരക്ഷയൊരുക്കുന്ന പ്രാദേശിക പൊലീസിന് ഭീകര ഭീഷണികൾ നേരിടാനുള്ള പരിശീലനമോ മതിയായ അംഗബലമോ ഇല്ലെന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇത്തരം സുരക്ഷാ വിടവുകൾ ഭീകരർ മുതലെടുക്കാൻ സാധ്യതയുണ്ടെന്നും സി.ഐ.എസ്.എഫ് മുന്നറിയിപ്പ് നൽകി.
2016ൽ ആരംഭിച്ച ഉഡാൻ പദ്ധതി വഴി ചെറിയ നഗരങ്ങളെയും വ്യോമയാന ഭൂപടത്തിൽ ഉൾപ്പെടുത്താൻ കഴിഞ്ഞെങ്കിലും പലയിടത്തും സുരക്ഷാ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിഞ്ഞിട്ടില്ല. സുരക്ഷാ ഓഡിറ്റിന്റെ അടിസ്ഥാനത്തിൽ പ്രവർത്തനക്ഷമമായ എല്ലാ വിമാനത്താവളങ്ങളുടെയും സുരക്ഷ സി.ഐ.എസ്.എഫിനെ ഏൽപ്പിക്കണമെന്ന് 2021ൽ തന്നെ ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരുന്നു.
1999ലെ കാഠ്മണ്ഡു വിമാന റാഞ്ചലിന് ശേഷമാണ് വിമാനത്താവള സുരക്ഷ സി.ഐ.എസ്.എഫിനെ ഏൽപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. അതേ മാതൃകയിൽ, കൂടുതൽ വിമാനത്താവളങ്ങളുടെ ചുമതല ഏറ്റെടുക്കാൻ തയാറാണെന്നും സി.ഐ.എസ്.എഫ് അറിയിച്ചു. നിലവിൽ കുറഞ്ഞ യാത്രക്കാരുടെ എണ്ണവും സാങ്കേതിക പ്രശ്നങ്ങളും കാരണം ഉഡാൻ പദ്ധതിയിലെ 15-ഓളം വിമാനത്താവളങ്ങൾ താത്കാലികമായി പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.