രണ്ട് പതിറ്റാണ്ടിനു ശേഷം തമിഴ്നാട്ടിൽ മദ്യശാലാ ജീവനക്കാരുടെ ശമ്പളം 25 ശതമാനം വർധിപ്പിച്ചു; വിജയ് സർക്കാരിന്‍റെ ലക്ഷ്യം അഴിമതി ഇല്ലാതാക്കൽ

ചെന്നൈ: വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിനു പിന്നാലെ നിരവധി പരിഷ്കാരങ്ങളും പുതിയ പദ്ധതികളും കൊണ്ടുവന്നിരുന്നു. അത്തരത്തിൽ പുതിയൊരു മുന്നോറ്റമാണ് തമിഴ്നാട് സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. തമിഴ്നാട് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള മദ്യവിൽപനശാലകളിലെ ജീവനക്കാർക്ക് 25 ശതമാനം ശമ്പള വർധന പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏകദേശം 20 വർഷത്തിനിടെ ടാസ്മാക് ജീവനക്കാർക്ക് ലഭിക്കുന്ന ആദ്യത്തെ ശമ്പള വർധനയാണിത്. സർക്കാർ നടത്തുന്ന മദ്യവിൽപ്പനശാലകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള സർക്കാരിന്‍റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പരിഷ്കരണം.

മദ്യവിൽപന ശാലകളിലെ ക്രമക്കേടുകളും അഴിമതിയും പൂർണമായും പരിഹരിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിൽ നിലവിൽ 4765 ടാസ്മാക് ഔട്ട്‍ലെറ്റുകൾ ഉണ്ട്. ഇവയിൽ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാന്‍റുകൾ എന്നിവക്ക് 500 മീറ്റർ പരിധിയിൽ പ്രവർത്തിക്കുന്ന 717 കടകൾ അടച്ചുപൂട്ടാൻ വിജയ് സർക്കാർ നേരത്തേ ഉത്തരവിട്ടിരുന്നു.

ടാസ്മാക് ഔട്ട്‍ലെറ്റുകളിൽ മദ്യക്കുപ്പികൾക്ക് അധികവില ഈടാക്കുന്നുവെന്ന പരാതി ഉയർന്നു വന്നിരുന്നു. നിലവിലെ വേതന വർധനവ് ഇത്തരം അഴിമതികൾ ഇല്ലാതാക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. തമിഴ്നാട്ടിൽ മദ്യശാലകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നടപടികളിൽ പാർട്ടി ഭേദമന്യേ പ്രമുഖർ പിന്തുണ നൽകിയിരുന്നു.

വിജയിയുടെ നേതൃത്വത്തിൽ ടി.വി.കെ സർക്കാർ അധികാരത്തിലെത്തിയതോടെ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷാ സേനയുടെ രൂപീകരണം, എല്ലാ ജില്ലകളിലും മയക്കുമരുന്ന് വിരുദ്ധ യൂണിറ്റുകൾ എന്നിവ സർക്കാരിന്‍റെ പുതിയ പദ്ധതികളാണ്. 

Tags:    
News Summary - Tamil Nadu liquor shop employees' salaries increased by 25 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.