ശ്രീനഗർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മുകശ്മീരിലെത്തും. ആർട്ടിക്കൾ 370 റദ്ദാക്കിയതിന് ശേഷം ഇതാദ്യമായാണ് അമിത് ഷാ കശ്മീരിലെത്തുന്നത്. ഷായുടെ സന്ദർശനത്തിന് മുന്നോടിയായി കശ്മീരിന്റെ ചില പ്രദേശങ്ങളിൽ ഇന്‍റർനെറ്റ് വിച്ഛേദിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ നിന്നും ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. എന്നാൽ തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനായാണ് ഇത്തരം നടപടികൾ സ്വീകരിച്ചതെന്നും അമിത് ഷായുടെ സന്ദർശനവുമായി ഇതിന് ബന്ധമില്ലെന്നുമാണ് കശ്മീർ ഐ.ജി വ്യക്തമാക്കുന്നത്.
ഇതിന് പുറമേ ഡ്രോണുകളും മോട്ടോർ ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്. തന്ത്രപ്രധാനമേഖലകളിൽ സ്നൈപ്പേഴ്സിേന്റയും ഷാർപ്പ് ഷൂട്ടർമാരുടെയും സാന്നിധ്യവുമുണ്ടാവും. കശ്മീരിന്റെ എല്ലാ മേഖലകളിലും പൊലീസ് നിരീക്ഷണം ഉറപ്പാക്കുന്നുണ്ട്. വാഹനങ്ങളേയും കാൽനട യാത്രക്കാരേയും കർശനമായി പരിശോധിക്കുമെന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു. എന്നാൽ, പരിശോധന ആർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാവില്ലെന്നും പൊലീസ് വ്യക്തമാക്കി.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ കശ്മീരിലെത്തുന്നത്. കശ്മീരിൽ നിന്നുള്ള ആദ്യത്തെ അന്താരാഷ്ട്ര വിമാന സർവീസിന്‍റെ ഉദ്ഘാടനം ആഭ്യന്തര മന്ത്രി നിർവഹിക്കും. ശ്രീനഗറിൽ നിന്നും ഷാർജയിലേക്കാണ് വിമാനം. കശ്മീരിൽ തീവ്രവാദികളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട കുടുംബങ്ങളെ അമിത് ഷാ സന്ദർശിക്കും. ഇന്‍റലിജൻസ് ബ്യൂറോ തലവൻ അരവിന്ദ് കുമാർ, ബി.എസ്.എഫ് തലവൻ പങ്കരാജ് സിങ്, സി.ആർ.പി.എഫ് മേധാവി എന്നിവരുമായും അമിത് ഷാക്ക് ചർച്ചയുണ്ട്. കശ്മീരിൽ പൊതുപരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.