​​​''ഞാനാരാണെന്ന് നിങ്ങൾക്ക് ശരിക്കറിയില്ല''- ലോക്സഭയിൽ സോണി​യ ഗാന്ധിയെ ഭീഷണിപ്പെടുത്തി സ്മൃതി ഇറാനി

ന്യൂഡൽഹി: കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി രാഷ്ട്രപതി ​ദ്രൗപതി മുർമുവിനെ രാഷ്ട്രപത്നി എന്നു വിളിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിയുന്നില്ല. സോണിയ ഗാന്ധിയോട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി അധിക്ഷേപ സ്വരത്തിൽ പെരുമാറിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.

ലോക്സഭയിൽ കേന്ദ്രമന്ത്രിമാരും ബി.ജെ.പി എം.പിമാരും സോണിയയോട് അപമര്യാദയായി പെരുമാറിയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് സ്പീക്കർക്ക് കോൺഗ്രസ് നോട്ടീസ് നൽകിയിരിക്കയാണ്. കോൺഗ്രസ് എം.പിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ ജയറാം രമേശാണ് പരാതിയുമായി രംഗത്തുവന്നത്.

സംഭവം ഇങ്ങനെ: ബി.ജെ.പി എം.പി രമാദേവിയുമായി സംസാരിച്ചുകൊണ്ടിരിക്കെ അടുത്തേക്ക് വന്ന സ്മൃതി ഇറാനി അധിക്ഷേപ സ്വരത്തിൽ സംസാരിക്കുകയായിരുന്നു. സോണിയ അതിനു മാന്യമായി മറുപടി പറഞ്ഞെങ്കിലും ഞാനാരാണെന്ന് നിങ്ങൾക്ക് അറിയില്ല എന്നായിരുന്നു സ്മൃതിയുടെ ഭീഷണി. കോൺഗ്രസിന്റെയും മറ്റ് പാർട്ടികളുടെയും എം.പിമാർ ഈ രംഗത്തിന് സാക്ഷികളാണെന്നും ജയറാം രമേശ് ആരോപിച്ചു. '' എന്തൊരു പെരുമാറ്റമാണിത്. ഒരു എം.പിക്ക് ഒപ്പമുള്ള മറ്റൊരു എം.പിയോട് സംസാരിക്കാൻ സ്വാതന്ത്യമില്ലേ? സ്മൃതി ഇറാനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ മാന്യമായ ഭാഷയിൽ സംസാരിക്കാമല്ലോ. ഒരു പാർട്ടിയുടെ പ്രസിഡന്റുകൂടിയായ മുതിർന്ന എം.പിയെ എന്തിനാണ് ഈ രീതിയിൽ അധിക്ഷേപിക്കുന്നത്​''-ജയറാം രമേശ് ചോദിച്ചു.

സ്മൃതി ഇറാനി സോണിയക്കു നേരെ വിരൽ ചൂണ്ടി കയർത്തതായും സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു കോൺഗ്രസ് നേതാവും സാക്ഷ്യപ്പെടുത്തി. ''എന്തു ധൈര്യത്തിലാണ് അവർ ഈ വിധം പെരുമാറുന്നത്. ഇത് നിങ്ങളുടെ പാർട്ടി ഓഫിസ് അല്ല''-എം.പി പറഞ്ഞു.

മകൾക്കെതിരെ ഗോവയിലെ ബാർ വിഷയം ഉന്നയിച്ചതിന്റെ അസ്വസ്ഥതയാണ് സ്മൃതി ഇറാനി പ്രകടിപ്പിച്ചതെന്നു കോൺഗ്രസിലെ ഗൗരവ് ഗൊഗോയി പറഞ്ഞു. 75 വയസ്സുള്ള മുതിർന്ന വനിതാ നേതാവിനെ ചെന്നായ്ക്കളെപ്പോലെ വളയുന്നതാണു ലോക്സഭയിൽ കണ്ടതെന്നു തൃണമൂൽ എം.പി മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു. മഹുവ, മറ്റൊരു തൃണമൂൽ എം.പി അപരൂപ പൊദ്ദാർ, എൻ.സി.പിയുടെ സുപ്രിയ സുളെ, മുഹമ്മദ് ഫൈസൽ എന്നിവരാണു സഭയിൽനിന്നു സോണിയയെ പുറത്തേക്കു കൊണ്ടുപോയത്.

Tags:    
News Summary - Smriti Irani had "behaved inappropriately" with Sonia Gandhi and used "derogatory terms-congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.