പുകമഞ്ഞിൽ മൂടിയ തലസ്​ഥാന നഗരി

പുകമഞ്ഞിൽ മൂടി തലസ്​ഥാനം; വായുമലിനീകരണം രൂക്ഷം

ന്യൂഡല്‍ഹി: പുകമഞ്ഞിൽ മൂടിയ തലസ്​ഥാനത്ത്​ വായു മലിനീകരണം​ വൻ തോതിൽ ഉയരുന്നു. ഇൻകം ടാക്​സ്​ ഓഫിസ്​ മേഖല,  ഇന്ദിര ഗാന്ധി അന്താരാഷ്​ട്ര വിമാനത്താവളം, ആർ.കെ പുരം എന്നിവിടങ്ങളിൽ വായു നിലവാര സൂചിക (എ.ക്യു.ഐ) യഥാക്രമം 400, 328, 354 ആണ്​ രേഖപ്പെടുത്തിയത്. ഡല്‍ഹി മലിനീകരണ നിയന്ത്രണ കമ്മിറ്റി (ഡി.പി.സി.സി) യാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

വായു നിലവാര സൂചിക അനുസരിച്ച് പൂജ്യം മുതല്‍ 50 വരെ നല്ലതും 51 - 100 വരെ തൃപ്തികരവും 101 - 200 വരെ മിതമായതും 201 - 300 വരെ മോശവും 301 - 400 വരെ വളരെ മോശവും 401 - 500 വരെ അപകടകരവുമായാണ്​ കണക്കാക്കുന്നത്.

ദീപാവലിയോടനുബന്ധിച്ച്​ പടക്കംപൊട്ടിക്കുന്നതും മാലിന്യം കത്തിക്കുന്നതും പുകമലിനീകരണത്തിന്​ കാരണമാകുന്നതായി വായു ഗുണനിലവാര കാലാവസ്ഥ പ്രവചന ഗവേഷണ കേന്ദ്രം (എസ്.എ.എഫ്.എ.ആര്‍ -സഫർ) റിപ്പോർട്ടിൽ പറഞ്ഞു. ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ വൈക്കോൽ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ കത്തിക്കുന്നത്​ നഗരത്തെ ഗുരുതമായി ബാധിക്കുന്നുണ്ട്​. ശൈത്യകാലമായതിനാൽ ഈ പുക അന്തരീക്ഷത്തിൽ തങ്ങിനിന്ന്​ മഞ്ഞുമായി കൂടിക്കലരുന്നതാണ്​ മലിനീകരണം രൂക്ഷമാക്കുന്നത്​. ഇത്​ മുൻകൂട്ടിക്കണ്ട്​ പടക്കം പൊട്ടിക്കുന്നതിനും വൈക്കോൽ കത്തിക്കുന്നതിനും ഡല്‍ഹി സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്​.

വൈക്കോൽ കത്തിക്കുന്നതിന്​ കനത്ത പിഴശിക്ഷയാണ്​ പുതിയ നിയമപ്രകാരം ഏർപ്പെടുത്തിയത്​. അഞ്ച്​ വർഷം വരെ തടവും ഒരു കോടി വരെ പിഴയും ശിക്ഷയായി ലഭിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.