വിവാദ കാർഷികനിയമങ്ങൾ പിൻവാതിലിലൂടെ കൊണ്ടുവരാൻ ശ്രമം; പ്രതിഷേധവുമായി കർഷകസംഘടനകൾ

ന്യൂഡൽഹി: വിവാദമായ കാർഷിക നിയമങ്ങൾ പിൻവാതിലിലൂടെ വീണ്ടും കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ബജറ്റിലൂടെ കേ​ന്ദ്രസർക്കാർ നടത്തുന്നതെന്ന് കർഷക സംഘടനകൾ. വിളവെടുപ്പിന് ശേഷമുള്ള പ്രവർത്തനങ്ങൾക്കായി ​പൊതു-സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന ബജറ്റ് പരാമർശത്തിനെതിരെയാണ് കർഷകസംഘടനകൾ രംഗത്തുള്ളത്. ഇത് മൂന്ന് കാർഷിക നിയമങ്ങളെ പിൻവാതിലിലൂടെ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് സംയുക്ത കിസാൻ മോർച്ച ആരോപിക്കുന്നത്.

വിളവെടുപ്പിന് ശേഷമുള്ള പ്രവർത്തനങ്ങൾക്കായി സ്വകാര്യ-പൊതു നിക്ഷേപം ആകാമെന്നാണ് ബജറ്റിൽ പറയുന്നത്. കാർഷിക വിളകളുടെ സ്റ്റോറേജ്, വിതരണം, പ്രൊസസിങ്, മാർക്കറ്റിങ് എന്നിവക്ക് സ്വകാര്യ നിക്ഷേപം സ്വീകരിക്കാമെന്നും ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ പറഞ്ഞിരുന്നു. ഇത് കാർഷിക മേഖലയിൽ കോർപ്പറേറ്റ് നിക്ഷേപം കൊണ്ടു വരുന്നതിന്റെ ഭാഗമാണെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്.

കാർഷിക മേഖലയെ വിദേശ-ആഭ്യന്തര കുത്തകകൾക്ക് ലാഭമുണ്ടാക്കാനായി തുറന്ന് കൊടുക്കരുത്. ഇതുവരെയുള്ള രാജ്യത്തിന്റെ നയം കൊണ്ടാണ് ഭക്ഷ്യസുരക്ഷയും സ്വയംപര്യാപ്തയും ഉണ്ടാക്കാൻ നമുക്ക് കഴിഞ്ഞതെന്ന് സംയുക്ത കിസാൻ മോർച്ചയുടെ പ്രസ്താവന പറയുന്നു.

പൊതുമേഖലയേയും സഹകരണമേഖലയേയും ശക്തിപ്പെടുത്തുന്നതിന് പകരം കോർപ്പറേറ്റ് കമ്പനികളെ പ്രോൽസാഹിപ്പിക്കാനാണ് സർക്കാർ നീക്കമെന്നും കിസാൻ മോർച്ചയുടെ പ്രസ്താവന കുറ്റപ്പെടുത്തുന്നു. 2021ലെ ഉറപ്പ് പ്രകാരം മിനിമം താങ്ങുവില ഉറപ്പാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. അതിനുള്ള നടപടികൾ ഇതുവരെ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

കർഷകരെ വഞ്ചിക്കുന്ന നയമാണ് ബി.ജെ.പി പിന്തുടരുന്നത്. ​തൊഴിൽ സൃഷ്ടിക്കുന്നതിനായി ബജറ്റിൽ നിർദേശമൊന്നുമില്ല. മിനിമം കൂലി, മിനിമം താങ്ങുവില, വായ്പ എഴുതി തള്ളൽ തുടങ്ങിയവക്കൊന്നും ബജറ്റിൽ പദ്ധതികളില്ലെന്നും കിസാൻ മോർച്ച കുറ്റപ്പെടുത്തി.

Tags:    
News Summary - SKM accuses Centre of trying to bring farm laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.