യോഗി മുഖ്യമന്ത്രിയായതു മുതൽ യു.പിയിൽ രണ്ടാഴ്ച കൂടുമ്പോൾ ഒരാളെ ഏറ്റുമുട്ടലിൽ കൊല്ലുന്നു

ലഖ്നോ: യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതു മുതൽ യു.പിയിൽ ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഒരാൾ വീതം ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ കൊല്ലപ്പെടുന്നതായി റിപ്പോർട്ട്. 2017 ൽ യോഗി മുഖ്യമന്ത്രിയായതിനുശേഷം യു.പിയിൽ 186 പേരെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. ഇതിലേറെയും വ്യാജ ഏറ്റുമുട്ടലുകളാണെന്നും ആരോപണമുണ്ട്.

15 ദിവസം കൂടുമ്പോഴാണ് പൊലീസ് ഇത്തരത്തിലുള്ള ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തുന്നത്. ഏറ്റുമുട്ടലുകളിൽ കാലിനു മാത്രം പരിക്കേറ്റ ആളുകളുടെ എണ്ണം 5046 വരുമെന്നും ഇന്ത്യൻ എക്സ്‍പ്രസ് പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കൂടുതൽ ഏറ്റുമുട്ടലുകൾ നടന്നത് മീററ്റിലാണ്. ഇവിടെ 3152 ഏറ്റുമുട്ടലുകളിലായി 63 ​പേർ കൊല്ലപ്പെട്ടു. 1708 പേർക്ക് പരിക്കേറ്റു. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തിയ പൊലീസുകാർക്ക് 75,000 മുതൽ അഞ്ച് ലക്ഷം രൂപ വരെ സർക്കാർ പാരിതോഷികവും നൽകി. എൻകൗണ്ടർ രാജ് എന്നാണ് യോഗി ആദിത്യ നാഥ് അറിയപ്പെടുന്നത് തന്നെ.

അതേസമയം, യോഗി സര്‍ക്കാര്‍ കൃത്യമായി ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയ കൊലപാതകങ്ങളാണ്‌ ഏറ്റുമുട്ടലെന്ന പേരില്‍ നടത്തിയതെന്നാരോപിച്ച്‌ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും രംഗത്തെത്തിയിരുന്നു. ഏറ്റുമുട്ടല്‍ കൊല നടത്തിയാല്‍ പ്രമോഷന്‍ ലഭിക്കുമെന്ന് തന്റെ സഹപ്രവര്‍ത്തകനോട് വെളിപ്പെടുത്തുന്ന പൊലീസുകാരന്റെ സംഭാഷണവും മുമ്പ് പുറത്തുവന്നിരുന്നു.

ഓപറേഷൻ ലങ്ഡ എന്ന പേരിലാണ് ഉത്തർപ്രദേശിൽ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വ്യാപകമാക്കിയത്. ഈ നീക്കത്തില്‍ കുറ്റവാളികളുടെ കാലിലേയ്ക്കാണ് വെടിയുതിർക്കുക. 5,046 കുറ്റവാളികളെയാണ് പോലീസ് നടത്തിയ ഓപ്പറേഷനിലൂടെ പിടികൂടിയത്. 

ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ 13 പോലീസുകാർ കൊല്ലപ്പെട്ടതായും 1,443 പോലീസുകാർക്ക് പരുക്കേറ്റതായും കണക്കുകൾ സൂചിപ്പിക്കുന്നു. 2018 ലാണ് ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടന്നത്. യോഗി സർക്കാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വർഷമായ 2022 ലാണ് ഏറ്റവും കുറവ് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തത്.

Tags:    
News Summary - Since 2017 when Yogi took charge, over one killed every fortnight in police encounters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.