സിക്കിമിന്റെ ഉന്നത സാംസ്കാരിക പൈതൃകം ആഘോഷിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി, എല്ലാ വ്യാഴാഴ്ചയും ‘ പരമ്പരാഗത വസ്ത്രധാരണ ദിന’ മായി സിക്കിം സർക്കാർ പ്രഖ്യാപിച്ചു. സംസ്ഥാന വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ (പി.എസ്.യു), സംസ്ഥാന സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ എന്നിവയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ഈ പുതിയ നിർദേശം ബാധകമാകും.
ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം, സിക്കിമിന്റെ തനതായ സാംസ്കാരിക സ്വത്വത്തിലും പരമ്പരാഗത മൂല്യങ്ങളിലും അഭിമാനബോധം വളർത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. പാരമ്പര്യങ്ങളുടെയും വസ്ത്രങ്ങളുടെയും ആചാരങ്ങളുടെയും സമ്പന്നമായ ചരിത്രത്തിന് സംഭാവന നൽകുന്ന ഭൂട്ടിയ, ലെപ്ച, നേപ്പാളി എന്നിവയുൾപ്പെടെ വിവിധ വംശീയ സമൂഹങ്ങളാൽ സമ്പന്നമാണ് ഈ സംസ്ഥാനം. ജീവനക്കാരെ ആഴ്ചയിലൊരിക്കൽ അവരുടെ പരമ്പരാഗത വസ്ത്രം ധരിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് പൗരന്മാരുടെ നാടുമായുള്ള വൈകാരിക ബന്ധം ശക്തിപ്പെടുത്തുമെന്നും സർക്കാർ വിശ്വസിക്കുന്നു.
സിക്കിമിന്റെ സ്വത്വത്തെ നിർവചിക്കുന്ന സമ്പന്നമായ സാംസ്കാരിക വൈവിധ്യത്തെയും നിലനിൽക്കുന്ന പാരമ്പര്യങ്ങളെയും അംഗീകരിച്ചുകൊണ്ട്, എല്ലാ ജീവനക്കാരിലും നമ്മുടെ സാംസ്കാരിക പൈതൃകത്തിൽ അഭിമാനം വളർത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇനി മുതൽ, സിക്കിം സർക്കാറിന്റെ കീഴിലുള്ള എല്ലാ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ബാങ്കുകളിലെയും എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും എല്ലാ വ്യാഴാഴ്ചയും ‘പരമ്പരാഗത വസ്ത്രധാരണ പ്രവൃത്തി ദിനം' ആചരിക്കും" എന്ന് സർക്കുലറിൽ പറയുന്നു.
സംസ്ഥാനത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക ഘടനയെ പ്രതിഫലിപ്പിക്കുന്ന, അവരുടെ സമൂഹത്തിന്റെ പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കാൻ ജീവനക്കാരോടായി സർക്കുലറിൽ പറയുന്നുണ്ട്. ഈ നയം ഉടൻ പ്രാബല്യത്തിൽ വരും.സാംസ്കാരിക സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമുള്ള സിക്കിമിന്റെ വിശാലമായ കാഴ്ചപ്പാടാണ് വിശദമാക്കുന്നത്. കൂടാതെ ആധുനികവത്കരണം പ്രദേശത്തിന്റെ ആഴത്തിൽ വേരൂന്നിയ പാരമ്പര്യങ്ങളെ മറികടക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. പ്രഫഷനൽ ജീവിതത്തെ സാംസ്കാരിക ആവിഷ്കാരവുമായി സമന്വയിപ്പിക്കുന്നതിലൂടെ, സാംസ്കാരികമായി അവബോധമുള്ള ഒരു തൊഴിൽ സംസ്കാരത്തെ വളർത്തിയെടുക്കാനും മറ്റ് സംസ്ഥാനങ്ങൾക്ക് പിന്തുടരാൻ ഒരു മാതൃക സൃഷ്ടിക്കാനാവുമെന്നും സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.