‘യാത്ര പാമ്പുകളും മുതലകളും നിറഞ്ഞ കനാലുകളിലൂടെ’; യു.എസിലേക്കുള്ള ‘ഡോങ്കി റൂട്ടി’ന്‍റെ ഭീതിപ്പെടുത്തുന്ന ഓർമയുമായി മൻദീപ്

ചണ്ഡിഗഢ്: യു.എസിൽ മെച്ചപ്പെട്ട ജീവിതം ആഗ്രഹിച്ച മൻദീപ് സിങ്ങിന് ഇന്നതൊരു പേടിസ്വപ്നമാണ്. നിയമപരമായി യു.എസിൽ പ്രവേശനം വാഗ്ദാനം ചെയ്താണ് ട്രാവൽ ഏജന്‍റിന് അദ്ദേഹം 60 ലക്ഷം രൂപ കൈമാറിയത്. പക്ഷേ ദിവസങ്ങളോളം ഭക്ഷണമില്ലാതെ, മുതലകളും പാമ്പുകളുമുള്ള കനാലുകളിലൂടെ അപകടം നിറഞ്ഞ ‘ഡോങ്കി റൂട്ടി’ലൂടെയായിരുന്നു (യു.എസിൽ എത്താൻ കുടിയേറ്റക്കാർ സ്വീകരിക്കുന്ന അപകടകരവും നിയമവിരുദ്ധവുമായ പാത) ഇവരുടെ യാത്ര. സിഖുകാരനായ മൻദീപ് സിങ്ങിന്റെ താടി നിർബന്ധിതമായി മുറിച്ചുമാറ്റി. അനധികൃത കുടിയേറ്റത്തിനെതിരായ ട്രംപ് ഭരണകൂടത്തിന്‍റെ കർശന നടപടികൾക്കിടയിൽ നാടുകടത്തപ്പെട്ടവരുടെ മൂന്നാമത്തെ സംഘത്തിലൊരാളായ മൻദീപ് സിങ് യു.എസിലേക്കുള്ള യാത്രയെക്കുറിച്ച് വിവരിക്കുന്നു. ഞായറാഴ്ചയാണ് 38 കാരനായ മൻദീപ് എത്തിയത്.

നിയമപരമായി യു.എസിൽ എത്തിക്കുമെന്ന് ഉറപ്പുനൽകിയ ഏജന്‍റ് 40 ലക്ഷം രൂപയാണ് ആദ്യം ആവശ്യപ്പെട്ടത്. മൻദീപ് ഇത് രണ്ട് ഗഡുക്കളായി നൽകി. ആഗസ്റ്റിൽ അമൃത്സറിൽനിന്ന് ഡൽഹിയിലേക്ക് വിമാനം കയറി. ഡൽഹിയിൽ നിന്ന് മുംബൈയിലേക്കും പിന്നീട് നൈറോബിയിലേക്കുമായിരുന്നു യാത്ര. തുടർന്ന് ആംസ്റ്റർഡാമിൽ നിന്ന് സുരിനാമിലെത്തി. അവിടെയെത്തിയപ്പോൾ, മൻദീപിന്‍റെ ഏജന്‍റുമാർ 20 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. അത് നാട്ടിൽനിന്ന് കുടുംബം അയച്ചുകൊടുത്തു. ബൊളീവിയ, എക്വഡോർ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലൂടെ നിർത്താതെയുള്ള യാത്ര. ഗയാനയിലേക്ക് ചെറിയ വാഹനത്തിൽ മൻദീപും സഹയാത്രികരും വീണ്ടും അപകടകരമായ യാത്ര തുടർന്നു. പനാമ കാട് മുറിച്ചുകടന്നു.

കൂടുതൽ ചോദ്യങ്ങൾ ചോദിച്ചാൽ വെടിവെക്കുമെന്നും ഏജന്‍റുമാർ ഭീഷണിപ്പെടുത്തിയെന്ന് മൻദീപ് പറഞ്ഞു. മുതലകളും പാമ്പുകളും നിറഞ്ഞ 12 കനാലുകളിലൂടെ 13 ദിവസത്തോളം സഞ്ചരിച്ചു. ഇഴജന്തുക്കളെ തുരത്താൻ കൂട്ടത്തിൽ ചിലർക്ക് വടികൾ തന്നു. ഭക്ഷണവും കുറവായിരുന്നു. പകുതി വേവിച്ച റൊട്ടിയും ഇടക്ക് നൂഡിൽസും മാത്രം കഴിച്ചു. ദിവസവും 12 മണിക്കൂർ യാത്ര ചെയ്തുവെന്നും അദ്ദേഹം തുടർന്നു.

പനാമ കടന്ന് കോസ്റ്ററീകയിലെത്തിയ മൻദീപിന്‍റെ സംഘത്തിന് ഹോണ്ടുറസിൽ നിന്നാണ് ചോറ് കഴിക്കാനുള്ള അവസരം ലഭിച്ചത്. നികരാഗ്വ കടക്കുമ്പോൾ അവർക്ക് ഭക്ഷണമില്ലായിരുന്നു. ടിജുവാനയിൽ എത്തിയപ്പോഴേക്കും മൻദീപിന്‍റെ താടി ബലമായി മുറിച്ചു. ജനുവരി 27ന്, യു.എസിലേക്ക് കടക്കാൻ ശ്രമിച്ച സംഘത്തെ അതിർത്തി പട്രോളിങ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. തിരിച്ചയക്കുന്നതിനുമുമ്പ് കുറച്ച് ദിവസത്തേക്ക് തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചുവെന്നും മൻദീപ് പറഞ്ഞു.

Tags:    
News Summary - Sikh deportee recounts donkey route to US

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.