ന്യൂഡൽഹി: യു.പി പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കപ്പന്‍റെ കുടുംബത്തിന് പൂർണ പിന്തുണ അറിയിച്ച് രാഹുൽ ഗാന്ധി. പൂർണ സംരക്ഷണവും വൈദ്യസഹായവും അദ്ദേഹം അർഹിക്കുന്നുണ്ട്. ദൂതനെ വധിച്ച് ആർ.എസ്.എസും ബി.ജെ.പിയും അവരുടെ ഭീരുത്വം തെളിയിക്കുകയാണ്.
കുറ്റകൃത്യങ്ങളാണ് അവസാനിപ്പിക്കേണ്ടത്. അല്ലാതെ റിപ്പോർട്ടമാരെയല്ല -രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു. സിദ്ദീഖ് കാപ്പനെ പിന്തുണച്ചുകൊണ്ടുള്ള എഡിറ്റേഴ്സ് ഗിൽഡിന്‍റെ പ്രസ്താവനയും രാഹുൽ പങ്കുവെച്ചു.
കിരാത നിയമമായ യു.എ.പി.എ ചുമത്തപ്പെട്ട് യു.പിയിൽ കസ്റ്റഡിയിൽ കഴിയുന്ന സിദ്ദീഖ് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം കേരളത്തിലെ യു.ഡി.എഫ് എം.പിമാർ രംഗത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് 11 എം.പിമാർ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണക്ക് കത്തയച്ചു. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും യു.പി മുഖ്യമന്ത്രിക്ക് കത്തയച്ചു.
സിദ്ദീഖ് കാപ്പന്‍റെ ആരോഗ്യനില ഗുരുതരമാണെന്നും യു.പി മഥുരയിലെ ആശുപത്രി കട്ടിലിൽ ചങ്ങല കൊണ്ട് ബന്ധിച്ചിരിക്കുകയാണെന്നും ഭാര്യ റൈഹാനത്ത് അറിയിച്ചിരുന്നു. ഞായറാഴ്ച സമൂഹ മാധ്യമങ്ങളിലടക്കം സിദ്ദീഖ് കാപ്പന്‍റെ വിഷയത്തിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.