ഹെലികോപ്റ്ററിൽ നിന്ന് വിതരണം ചെയ്ത ദുരിതാശ്വാസ പാക്കറ്റ് തലയിൽ വീണ് 62കാരന് ദാരുണാന്ത്യം

പട്ന: പ്രളയബാധിതർക്കായി ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്ററിൽ നിന്ന് താഴേക്ക് ഇട്ട ദുരിതാശ്വാസ പാക്കറ്റ് ദേഹത്ത് വീണ് ബിഹാറിൽ 62കാരന് ദാരുണാന്ത്യം. സാരൺ ജില്ലയിലെ പർസുരാംപൂർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. പ്രദേശവാസിയായ അനിൽ കുമാർ സിങ് എന്ന അപ്പു സിങ്ങാണ് മരിച്ചത്. ഹെലികോപ്റ്ററിൽ നിന്ന് താഴേക്ക് ഇട്ട ഏകദേശം അഞ്ച് കിലോഗ്രാം ഭാരമുള്ള ഭക്ഷണപ്പൊതി തലയിൽ പതിക്കുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.

പ്രളയബാധിതർക്ക് വിതരണം ചെയ്യുന്നതിനായി ഭക്ഷണപ്പൊതികൾ ഹെലികോപ്റ്ററിൽ നിന്ന് താഴേക്ക് ഇടുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കൃത്യമായി വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

സംഭവസമയത്ത് അനിൽ ഭക്ഷണം കഴിച്ച ശേഷം വീടിന് പുറത്തിരിക്കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഹെലികോപ്റ്റർ പ്രദേശത്തിന് മുകളിലൂടെ താഴ്ന്ന് പറന്ന് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഒരു പാക്കറ്റ് നേരിട്ട് അനിലിന്റെ തലയിലേക്ക് പതിക്കുകയും അദ്ദേഹം താഴെ വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് മറ്റൊരു പാക്കറ്റ് നെഞ്ചിലും പതിച്ചതായും മകൻ ആരോപിച്ചു. സംഭവസ്ഥലത്തുവെച്ചുതന്നെ അനിൽ മരിച്ചതായാണ് കുടുംബം പറയുന്നത്.

അപകടത്തിന് പിന്നാലെ ഹെലികോപ്റ്റർ താഴ്ന്ന് പറക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിന് മുമ്പ് ചിത്രീകരിച്ചതെന്ന് കരുതുന്ന വിഡിയോയിൽ ഹെലികോപ്റ്ററിന് പിന്നാലെ ദുരിതാശ്വാസ പാക്കറ്റുകൾ ശേഖരിക്കാൻ ഓടുന്ന ജനങ്ങളെ കാണാം.

അതേസമയം, ഇതേ ദുരിതാശ്വാസ പ്രവർത്തനത്തിനിടെ മറ്റൊരു അപകടത്തിലും മൂന്ന് പേർക്ക് പരിക്കേറ്റു. പർസുരാംപൂർ ഗ്രാമത്തിൽ വീടിന്റെ മേൽക്കൂരയിൽ നിന്ന് ദുരിതാശ്വാസ പാക്കറ്റുകൾക്കായി കാത്തുനിന്നിരുന്ന 45കാരിയായ വിമലാ ദേവിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. 

ഹെലികോപ്റ്റർ വീടിന് സമീപത്തേക്ക് എത്തിയപ്പോൾ അതിൽനിന്നുണ്ടായ ശക്തമായ കാറ്റിന്റെ ആഘാതത്തിലാണ് മേൽക്കൂരയിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതെന്നാണ് കുടുംബം പറയുന്നത്. പരിക്കേറ്റ മൂന്നുപേരെയും ഛപ്ര സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

സാരൺ ജില്ലയിലെ നിരവധി പ്രദേശങ്ങൾ ഇപ്പോഴും രൂക്ഷമായ പ്രളയക്കെടുതിയിലാണ്. വീടുകൾ വിട്ടുപോകേണ്ടിവന്ന ആയിരക്കണക്കിന് ആളുകൾ അണക്കെട്ടുകളിലും മറ്റ് ഉയർന്ന പ്രദേശങ്ങളിലുമാണ് അഭയം തേടിയിരിക്കുന്നത്. ഇവർക്കായി വ്യോമമാർഗം ഭക്ഷണവും മറ്റ് ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നതിനിടെയാണ് ദാരുണമായ അപകടങ്ങൾ ഉണ്ടായത്. 

Tags:    
News Summary - Flood relief packet dropped from air kills man in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.