ന്യൂഡൽഹി: പുറത്താക്കപ്പെട്ട മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ വെർച്വൽ പ്രസംഗവുമായി ബന്ധപ്പെട്ട് ഇന്ത്യ ഔദ്യോഗിക നിലപാട് വ്യക്തമാക്കി. ഹസീനയുടെ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് യാതൊരുവിധ പങ്കുമില്ലെന്നാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചത്. സർക്കാർ ഇതിൽ പങ്കാളികളല്ലെന്നും, അത്തരം വേദികളിൽ ഉയരുന്ന അഭിപ്രായങ്ങളെ സർക്കാർ ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്വാൾ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി. ഒരു സ്വകാര്യ മാധ്യമ സ്ഥാപനമാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024ൽ ബംഗ്ലാദേശിലുണ്ടായ പ്രക്ഷോഭങ്ങളെത്തുടർന്ന് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട 78 കാരിയായ ഹസീന, നിലവിൽ ഇന്ത്യയിലാണ് കഴിയുന്നത്. വിദ്യാർഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് 2025ൽ കോടതി അവർക്ക് വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും ഈ വിധി നിയമപരമായി നിലനിൽക്കില്ലെന്നാണ് അവർ വ്യക്തമാക്കിയിട്ടുള്ളത്. ബംഗ്ലാദേശിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, ന്യൂഡൽഹിയിലെ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ് ഓഫ് സൗത്ത് ഏഷ്യ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഹസീന് പങ്കെടുക്കും.
ശൈഖ് ഹസീന ഇന്ത്യയിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനങ്ങൾ നടത്തുന്നതും പ്രസംഗങ്ങൾ നടത്തുന്നതും തങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് ബംഗ്ലാദേശ് നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വിലക്കുകളുള്ള സംഘടനകളുടെ നേതാക്കളും ഹസീനയും ഇന്ത്യൻ മണ്ണ് ഉപയോഗിച്ച് ബംഗ്ലാദേശിൽ അസ്ഥിരത ഉണ്ടാക്കാൻ ശ്രമിക്കരുതെന്നും, ഇതിൽ ഇന്ത്യയുടെ സഹകരണം ഉണ്ടാകുമെന്നും ധാക്ക പ്രതീക്ഷ പ്രകടിപ്പിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേശകൻ എം. ഹുമയൂൺ കബീർ ഇന്ത്യൻ ഹൈക്കമിഷണറെ കണ്ട് ഇക്കാര്യത്തിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
മറുവശത്ത്, ശൈഖ് ഹസീനയുടെ പ്രസംഗമോ അഭിമുഖങ്ങളോ മറ്റ് പ്രസ്താവനകളോ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ബംഗ്ലാദേശ് സർക്കാർ കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ നിർദേശം ലംഘിച്ച് ആരെങ്കിലും വാർത്തകൾ നൽകിയാൽ നടപടി ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. എന്നാൽ ഈ നീക്കങ്ങൾക്കെതിരെ അവാമി ലീഗ് രംഗത്തെത്തിയിട്ടുണ്ട്. ഡിസംബറോടെ നാട്ടിലേക്ക് മടങ്ങാനും കോടതിയിൽ കീഴടങ്ങാനും താൻ തയാറാണെന്ന് ഹസീന മുമ്പ് വ്യക്തമാക്കിയിരുന്നു. അതേസമയം ബംഗ്ലാദേശ് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികൾ ജനങ്ങളുടെ ശബ്ദം ഇല്ലാതാക്കാനാണെന്ന് ഹസീനയുടെ അനുയായികൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.