സി.ആർ.പി.എഫ് ക്യാമ്പിൽ വെടിവെപ്പ്; രണ്ട് സഹപ്രവർത്തകരെ വെടിവെച്ചുകൊന്ന് എ.എസ്.ഐ ആത്മഹത്യ ചെയ്തു

അസം: അസമിലെ നാഗാവ് ജില്ലയിലുള്ള 34-ാം ബറ്റാലിയൻ സി.ആർ.പി.എഫ് ക്യാമ്പിൽ ചൊവ്വാഴ്ച രാവിലെയോടെയാണ് വെടിവെപ്പ് നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എ.എസ്.ഐ) സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ക്രൂരമായ വെടിവെപ്പിൽ രണ്ട് സഹപ്രവർത്തകർ തൽക്ഷണം കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇതിനുപിന്നാലെ എ.എസ്.ഐ സ്വയം വെടിവെച്ച് ജീവനൊടുക്കി.

ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ക്യാമ്പിന്റെ പ്രധാന കവാടത്തിലാണ് സംഭവങ്ങളുടെ തുടക്കം. ആന്ധ്രാപ്രദേശ് സ്വദേശിയായ എ.എസ്.ഐ ബല്ലാനി പ്രേമാബരം ഗാർഡ് റൂമിൽ സൂക്ഷിച്ചിരുന്ന ഇൻസാസ് റൈഫിളെടുത്ത് സഹപ്രവർത്തകർക്ക് നേരെ അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നു. വെടിവെപ്പിൽ സബ് ഇൻസ്പെക്ടർ രാംനവൽ സിങ് യാദവ്, ഹെഡ് കോൺസ്റ്റബിൾ വിഷ്ണു പ്രസാദ് ബാഗേൽ എന്നിവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

മറ്റൊരു ഉദ്യോഗസ്ഥനായ എ.എസ്.ഐ മാനെ ഗോവിന്ദ് ശ്രീപുലിന് വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിദഗ്ധ ചികിത്സക്കായി ഗുവാഹട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സഹപ്രവർത്തകരെ ആക്രമിച്ച ശേഷം ബാരക്കിലേക്ക് കടന്ന പ്രേമാബരം അതേ തോക്ക് ഉപയോഗിച്ച് തലയിലേക്ക് വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു.

ദുരന്ത വിവരമറിഞ്ഞ് നാഗാവ് സീനിയർ സൂപ്പർഇന്റൻഡന്റ് ഓഫ് പൊലീസ് (എസ്.എസ്.പി) പാർത്ഥ പ്രതിം ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും മുതിർന്ന സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി. എന്താണ് പെട്ടെന്ന് ഇത്തരമൊരു വൻ ആക്രമണത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മാനസിക സമ്മർദ്ദമാണോ അതോ ക്യാമ്പിലെ തർക്കങ്ങളാണോ ആക്രമണത്തിന് കാരണമെന്ന് പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

Tags:    
News Summary - സി.ആർ.പി.എഫ് ക്യാമ്പിൽ വെടിവെപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.