ശൈഖ് ഹസീനയുമായി അഭിമുഖം: ഇന്ത്യൻ ലേഖകർക്കെതിരായ പരാമർശത്തിൽ ബംഗ്ലാദേശ് മുഖ്യ ഉപദേഷ്ടാവ് മാപ്പു പറയണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ശൈഖ് ഹസീന ഇന്ത്യയിലേത് അടക്കമുള്ള മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് സർക്കാറിന്‍റെ മുഖ്യ ഉപദേഷ്ടാവ് ഷഫീഖുൽ ആലമിന്‍റെ ഔദ്യോഗിക വക്താവ് നടത്തിയ പരാമർശങ്ങളിൽ അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ. ഔദ്യോഗിക വക്താവിന്‍റെ പരാമർശനത്തിൽ ഷഫീഖുൽ ആലം മാപ്പ് പറയണമെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ നീരജ് താക്കൂർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.

മുൻ പത്രപ്രവർത്തകൻ കൂടിയായ ഷഫീഖുൽ ആലമിന്‍റെ ഭാഗത്ത് നിന്നുള്ള അഭിപ്രായങ്ങൾ അപലപനീയമാണ്. ഒരു യഥാർഥ വാർത്ത പിന്തുടരുന്ന ഉത്തരവാദിത്തമുള്ള മാധ്യമ സ്ഥാപനങ്ങളിലെ പ്രഫഷനലുകളെ 'കൊച്ചു കള്ളത്തരം കാണിക്കുന്ന' പത്രപ്രവർത്തകരായി വിശേഷിപ്പിക്കുന്നത് ഉത്തരവാദപ്പെട്ട ഒരു വ്യക്തിയിൽ നിന്ന് പ്രതീക്ഷിച്ചതല്ലെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ശൈഖ് ഹസീനയുടെ ഇന്ത്യയിലെയും വിദേശത്തെയും മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ നവംബർ 11നുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യ ഉപദേഷ്ടാവ് ഷഫീഖുൽ ആലമിന്‍റെ ഔദ്യോഗിക വക്താവ് മോശം പരാമർശം നടത്തിയത്. ശൈഖ് ഹസീനയുമായി അഭിമുഖം നടത്തിയ ഇന്ത്യയിലെയും വിദേശത്തെയും നിരവധി മാധ്യമങ്ങളിൽ നിന്നുള്ള ലേഖകരെ 'പാശ്ചാത്യ പത്രപ്രവർത്തകരും അവർക്കായി കള്ളത്തരം കാണിക്കുന്ന ഇന്ത്യൻ എതിരാളികളും' എന്നാണ് വക്താവ് പരാമർശിച്ചത്.

അതേസമയം, മുഹമ്മദ് യുനുസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് അഭിമുഖത്തിൽ ശൈഖ് ഹസീന നടത്തിയത്. അക്രമവും തീവ്രവാദവും പ്രോൽസാഹിപ്പിക്കുന്ന മുഹമ്മദ് യുനുസിന്റെ നിലപാടാണ് ഇന്ത്യയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധം വഷളാവാൻ കാരണമെന്ന് ​ശൈഖ് ഹസീന പറഞ്ഞു.

യുനുസ് തീവ്രാദികളെ സ്​പോൺസർ ചെയ്യുകയാണ്. ഇത് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളാക്കും. സുരക്ഷിതമായ സ്വർഗം താമസിക്കുന്നതിനായി ഒരുക്കിയതിന് ഇന്ത്യൻ ജനതയോട് നന്ദി പറയുകയാണെന്നും ദേശീയ മാധ്യമമായ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ ശൈഖ് ഹസീന പറഞ്ഞു.

സേനകളോട് ആളുകളെ ആക്രമിക്കാൻ താൻ നിർദേശം നൽകിയെന്നത് തെളിയിക്കാനുള്ള യാതൊരു തെളിവുമില്ല. ഇക്കാര്യം കോടതിയിൽ ബോധ്യപ്പെടുത്താൻ തനിക്ക് കഴിയും. എന്നാൽ, സ്വതന്ത്രമായ നീതിന്യായ സംവിധാനമല്ല ഇപ്പോൾ ബംഗ്ലാദേശിൽ നിലനിൽക്കുന്നതെന്നും ശൈഖ് ഹസീന പറഞ്ഞു. അകാരമായാണ് ത​ന്റെ പാർട്ടിയെ നിരോധിച്ചത്. അതിനെതിരെ നിയമപരമായ പോരാടുമെന്നും ശൈഖ് ഹസീന പറഞ്ഞു.

നിയമപരമായ മാർഗങ്ങളിലൂടെയാണ് താനും തന്റെ പാർട്ടിയും അധികാരത്തിൽ എത്തിയത്. എന്നാൽ, നിയമവിരുദ്ധമായ മാർഗങ്ങളിലൂടെ അധികാരം പിടിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ശൈഖ് ഹസീന കുറ്റപ്പെടുത്തി. ഡൽഹിയിൽ സ്വതന്ത്ര ജീവിതം നയിക്കുമ്പോഴും സ്വന്തം രാജ്യത്തേക്ക് മടങ്ങാനുള്ള ആഗ്രഹം മനസിൽ സൂക്ഷിക്കുന്നു​വെന്ന് നേരത്തെ പുറത്ത് വന്ന ഒരു അഭിമുഖത്തിൽ ശൈഖ് ഹസീന വ്യക്തമാക്കിയിരുന്നു.

വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നാലെ 2024 ആഗസ്റ്റിലാണ് ശൈഖ് ഹസീന ഇന്ത്യയി​ൽ അഭയം തേടിയത്. നൊബേൽ പുരസ്കാര ജേതാവായ മുഹമ്മദ് യൂനുസി​ന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരാണ് നിലവിൽ ബംഗ്ലാദേശിൽ ഭരണത്തിലുള്ളത്. രാജ്യം ഫെബ്രുവരിയിൽ തെര​ഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെയാണ് ശൈഖ് ഹസീന നിലപാട് പരസ്യമാക്കിയത്.

Tags:    
News Summary - Sheikh Hasina Interview: Bangladesh's chief advisor should apologize for remarks against Indian journalists -Press Club of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.