ശൈഖ് ഹസീനയെ ഇന്ത്യ വിട്ടു കൊടുക്കുമോ​? ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിക്ക് മുന്നിൽ ഇനിയെന്ത്?

ന്യൂഡൽഹി: ബംഗ്ലാദേശിലെ പ്രക്ഷോഭത്തിനിടെ വിദ്യാർഥികളെ കൂട്ടക്കൊല ചെയ്യാൻ നേതൃത്വം നൽകിയ കുറ്റത്തിന് ബംഗ്ലാദേശ് മുൻ​ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ശൈഖ് ഹസീനക്ക് തിങ്കളാഴ്ചയാണ് ട്രൈബ്യൂണൽ കോടതി വധശിക്ഷ വിധിച്ചത്. വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതിലൂടെ ഹസീന മാനവരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്നാണ് ട്രൈബ്യൂണൽ കണ്ടെത്തിയത്. പ്രക്ഷോഭത്തിനിടെയുണ്ടായ പൊലീസിന്റെ ക്രൂരമായ അടിച്ചമർത്തലിനിടെ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് വിധി ആശ്വാസമാകും. എന്നാൽ അധികാരം നഷ്ടമായതിനു ശേഷം ഇന്ത്യയിൽ പ്രവാസ ജീവിതം നയിക്കുന്ന ഹസീനയെ ഇത് എങ്ങനെ ബാധിക്കും. ഹസീനക്കൊപ്പം മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലിനും കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. അതേസമയം, മുൻ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അൽ മാമൂന് അഞ്ചുവർഷം തടവാണ് ലഭിച്ചത്. കുറ്റം സമ്മതിച്ചതിനും അന്വേഷണ സംഘവുമായി സഹകരിച്ചതിനുമാണ് ഈ ശിക്ഷായിളവ്.

കലാപത്തിന് പ്രേരിപ്പിച്ചു, പ്രക്ഷോഭകാരികളെ കൊല്ലാൻ ഉത്തരവിട്ടു, കൂട്ടക്കൊല തടയാൻ ശ്രമിച്ചില്ല എന്നീ മൂന്നുകുറ്റങ്ങളാണ് ഹസീനക്കെതിരെ പ്രധാനമായും ചുമത്തിയത്. ഹസീനക്ക് ആദ്യം ജീവപര്യന്തം തടവു ശിക്ഷ നൽകാനാണ് കോടതി തീരുമാനിച്ചിരുന്നത്. എന്നാൽ മറ്റുകുറ്റകൃത്യങ്ങൾ കൂടി ഉൾപ്പെടുത്തി ജീവപര്യന്തം തടവ് വധശിക്ഷയാക്കുകയായിരുന്നു.

എന്നാൽ വധശിക്ഷ വിധിച്ചിട്ടും തനിക്കെതിരായ എല്ലാ ആരോപണങ്ങളും ശൈഖ് ഹസീന നിഷേധിക്കുകയാണ്. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതും കെട്ടിച്ചമച്ചതുമായ കംഗാരുകോടതിയുടെ വിധിയാണിതെന്നായിരുന്നു ഹസീനയുടെ പ്രതികരണം. ബംഗ്ലാദേശ് ഇടക്കാല സർക്കാർ വധശിക്ഷ വിധിയെ സ്വാഗതം ചെയ്തു. വധശിക്ഷ വിധി വന്നതിനു പിന്നാലെ ഹസീനയെയും അസദുസ്സമാൻ ഖാനെയും എത്രയും പെട്ടെന്ന് കൈമാറണമെന്ന് ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇരുവരുടെയും അസാന്നിധ്യത്തിലായിരുന്നു കോടതി വിധിയെന്നതും ​ശ്രദ്ധേയം. കുറ്റവാളികളെ കൈമാറൽ ഉടമ്പടി പ്രകാരം ഇന്ത്യ ഇരുനേതാക്കളും വിട്ടുനൽകണമെന്നാണ് ബംഗ്ലാദേശിന്റെ ആവശ്യം. വിധി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഏറ്റവും അടുത്ത അയൽരാജ്യമെന്ന നിലയിൽ അവിടത്തെ ജനങ്ങളുടെ സുരക്ഷയും സുസ്ഥിരതയും രാജ്യത്തിന്റെ ജനാധിപത്യവും സമാധാനവും നിലനിർത്താൻ ഇന്ത്യക്ക് പ്രതിബദ്ധതയുണ്ടെന്നുമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.

വിധിയിൽ ഐക്യരാഷ്ട്രസഭയും പ്രതികരിച്ചിരുന്നു. ശിക്ഷാവിധി പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടവർക്കുള്ള അനുകൂലമായ നീക്കമാണെന്നായിരുന്നു യു.എൻ പ്രതികരണം.

എന്നാൽ ആർക്കായാലും ഏതു സാഹചര്യത്തിലായാലും വധശിക്ഷ നൽകുന്നതിനെ അനുകൂലിക്കുന്നില്ലെന്നും യു.എൻ വ്യക്തമാക്കുകയും ചെയ്തു.

ശൈഖ് ഹസീനക്ക് മുന്നിൽ ഇനിയെന്ത്?

ബംഗ്ലാദേശിന്റെ അപേക്ഷ പരിഗണിക്കാൻ ഇന്ത്യ തീരുമാനിച്ചാൽ തീർച്ചയായും ഹസീനക്ക് രാജ്യംവിടേണ്ടി വരും. എത്രയും പെട്ടെന്ന് ഹസീനയെയും മുൻ മന്ത്രിയെയും കൈമാറണമെന്നാണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നീതിയെ മറികടന്ന് മാനവ രാശിക്കെതിരെ കുറ്റകൃത്യം നടത്തിയവർക്ക് അഭയം നൽകുന്നത് ഏത് രാജ്യമായാലും അത് സൗഹാർദപരമല്ലെന്നും ബംഗ്ലാദേശ് ചൂണ്ടിക്കാട്ടി. ലോകം ഹസീനയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറുന്നത് കാത്തുനിൽക്കുന്നതിനിടെ, അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ട്രൈബ്യൂണൽ കോടതി തുടങ്ങിക്കഴിഞ്ഞു. സ്വത്തുക്കൾ കണ്ടുകെട്ടിയ ശേഷം രാജ്യത്തിന്റെ പൊതുഖജനാവിലേക്ക് ചേർക്കുകയാണ് ചെയ്യുക.

അതേസമയം, വധശിക്ഷക്കെതിരെ ഹസീനക്ക് അപ്പീൽ നൽകാൻ സാധിക്കും. എന്നാൽ ഹസീന അറസ്റ്റ്‍ വരിക്കുകയോ 30 ദിവസത്തിനകം സ്വമേധയാ നാട്ടിലേക്ക് മടങ്ങുകയോ ചെയ്താൽ മാത്രമേ അതിന് സാധിക്കുകയുള്ളൂ. മറ്റൊരു രാജ്യത്ത് നിന്നുകൊണ്ട് ഒരിക്കലും വധശിക്ഷക്കെതിരെ അപ്പീൽ നൽകാൻ സാധിക്കില്ല. എന്നാൽ ട്രൈബ്യൂണൽ കോടതിയുടെ ശിക്ഷാവിധി അവഗണിക്കാനാണ് തീരുമാനമെങ്കിൽ ഹസീനയെ പിടികിട്ടാപ്പുള്ളിയായി മുദ്ര ചാർത്തുകയും ചെയ്യും.

സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാൽ സർക്കാറിന് ഹസീനയുടെ സ്വത്തുക്കൾ പിടിച്ചെടുക്കാനും അവരുടെ പാസ്​പോർട്ട് റദ്ദാക്കാനും സാധിക്കും. അതുപോലെ ഹസീനയെ വിട്ടുകിട്ടണമെന്ന ആവശ്യം ബംഗ്ലാദേശ് കൂടുതൽ ശക്തമാക്കുകയും ഇന്റർപോൾ റെഡ് നോട്ടീസ് അയക്കാൻ ഒരുങ്ങുകയും ചെയ്യും.

Tags:    
News Summary - Sheikh Hasina death sentence: The verdict, India's response, and what's next

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.