ജ്യോതി മൽഹോത്ര, ഹാരിസ് മൽഹോത്ര

‘ജ്യോതി മൽഹോത്ര പാകിസ്താനിൽ പോയത് വിഡിയോ ഷൂട്ട് ചെയ്യാൻ’; ചാരവൃത്തി ചെയ്തില്ലെന്നും പിതാവ്

ന്യൂഡൽഹി: അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്താനിലേക്ക് പോയത് വിഡിയോ ഷൂട്ടിന് വേണ്ടി മാത്രമാണെന്നും ചാരവൃത്തി ചെയ്തില്ലെന്നും പിതാവ് ഹാരിസ് മൽഹോത്ര. പൊലീസ് തങ്ങളുടെ ലാപ്ടോപ്പും ഫോണുകളും എല്ലാം പിടിച്ചുവെച്ചിരിക്കുകയാണെന്നും മകൾ പാകിസ്താനിലേക്ക് പോയത് എല്ലാ അനുമതിയോടും കൂടിയാണെന്നും പിതാവ് പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐയോടായിരുന്നു പിതാവിന്റെ പ്രതികരണം.

“ജ്യോതി വിഡിയോ ഷൂട്ട് ചെയ്യാനായി പാകിസ്താനിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകാറുണ്ട്. എല്ലാ അനുമതിയും എടുത്ത ശേഷമാണ് ഇങ്ങനെ പോകുന്നത്. അവിടെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ വിളിക്കാൻ പറ്റില്ലേ? മറ്റൊന്നും ഞങ്ങൾ ആവശ്യപ്പെടുന്നില്ല, പിടിച്ചുവെച്ച ഫോണുകളും മറ്റും തിരിച്ചുതരണം” -പിതാവ് പറഞ്ഞു.

ജ്യോതി മൽഹോത്ര ഉൾപ്പെടെ ആറ് പേരാണ് പാകിസ്താനുവേണ്ടി ചാരവൃത്തി ചെയ്തെന്ന കുറ്റത്തിന് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവർ പാകിസ്താൻ ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2023ൽ ജ്യോതി പാകിസ്താൻ സന്ദർശിച്ചതായും അവിടെവച്ച് ഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ ജീവനക്കാരനായ ഇഹ്‌സാനുർ റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും റിപ്പോർട്ടുണ്ട്. ഓപറേഷൻ സിന്ദൂറിനെത്തുടർന്ന് കേന്ദ്രസർക്കാർ ഡാനിഷിനെ മേയ് 13ന് പുറത്താക്കിയിരുന്നു.

3,77,000ത്തിലേറെ സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് ചാനലായ ട്രാവൽ വിത് ജോയുടെ ഉടമയാണ് ജ്യോതി റാണി എന്നും അറിയപ്പെടുന്ന 33കാരിയായ ജ്യോതി മൽഹോത്ര. വിദേശ രാജ്യങ്ങളിലെ യാത്രയുമായി ബന്ധപ്പെട്ട വിഡിയോ കണ്ടന്‍റുകളാണ് ട്രാവൽ വിത് ജോയിൽ ഏറെയുമുള്ളത്. ഇതിൽ പാകിസ്താനിൽനിന്നുള്ള വിഡിയോകളുമുണ്ട്. പാകിസ്താനിൽനിന്ന് അവസാനമായി വിഡിയോ പോസ്റ്റ് ചെയ്തത് കഴിഞ്ഞ മാസമാണ്.

സാംസ്കാരിക പ്രതിനിധിയായി സ്വയം അവതരിപ്പിക്കുന്ന ജ്യോതി, സന്ദർശിക്കുന്ന സ്ഥലങ്ങളുടെ നല്ല വശങ്ങളാണ് വിഡിയോകളിൽ വിവരിക്കുന്നത്. മാർച്ച് 22ന് മറ്റ് രണ്ട് ഇന്ത്യൻ യൂട്യൂബർമാർക്കൊപ്പം പോസ്റ്റ് ചെയ്ത ചിത്രത്തിൽ, തങ്ങൾ പാകിസ്താൻ ഹൈകമ്മിഷനിലാണെന്ന് ജ്യോതി അവകാശപ്പെടുന്നു. നിലവിൽ ഡൽഹി പൊലീസിന്‍റെ കസ്റ്റഡിയിലാണ് ജ്യോതി മൽഹോത്ര.

പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം, വാട്സ്ആപ്, ടെലഗ്രാം, സ്നാപ്ചാറ്റ് എന്നീ മെസേജിങ് ആപ്പുകൾ വഴി പാകിസ്താനി ഇന്‍റലിജൻസ് ഓഫിസർമാരുമായി ജ്യോതി നിരന്തരം ബന്ധപ്പെട്ടിരുന്നു. പാക് ഓഫിസർമാരുടെ പേര് തെറ്റായ രീതിയിൽ സേവ് ചെയ്താണ് അവർ വിവരങ്ങൾ കൈമാറിയത്. ഒരു സംഘത്തോടൊപ്പം 2023ലാണ് ജ്യോതി ആദ്യമായി പാകിസ്താനിലെത്തിയതെന്ന് അധികൃതർ പറയുന്നു.

രണ്ടാമത്തെ പാകിസ്താൻ സന്ദർശനത്തിനിടെ ഡാനിഷിന്‍റെ നിർദേശപ്രകാരം അലി അഹ്സാൻ എന്നയാളെ പരിചയപ്പെടുകയും ഇയാൾ വഴി പാകിസ്താന്‍റെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. അപ്പോൾ മുതൽ രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് പൊലീസ് ഭാഷ്യം. പട്യാലയിൽനിന്ന് അതിർത്തിയിലെ പാക് ചാരന്മാർക്ക് രഹസ്യവിവരങ്ങൾ ചോർത്തി നൽകിയ ദേവീന്ദർ സിങ് ദിലിയൻ എന്ന വിദ്യാർഥിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ജ്യോതിയും പിടിയിലാകുന്നത്.

Tags:    
News Summary - "She Visited Pakistan To Shoot Videos": Father Of Travel YouTuber Jyoti Malhotra Arrested For Spying

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.